റിയാദ് - കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സൗദിയില്‍ നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ 14 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സ്വദേശത്ത് തിരിച്ചെത്തുന്ന സൗദി പൗരന്മാര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന സൗദി പൗരന്മാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചതായി അതോറിറ്റി വ്യക്തമാക്കി. ഇക്കാര്യം സൗദിയിലെ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനികളെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്.
സൗദി പൗരന്മാര്‍ അഞ്ചാം ദിവസം പി.സി.ആര്‍ പരിശോധന നടത്തണമെന്നും അതോറിറ്റി പറഞ്ഞു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്‌വെ, മൊസാംബിക്ക്, ലെസോത്തൊ, എസ്വാറ്റിനി, മലാവി, സാംബിയ, മഡഗസ്‌കര്‍, അംഗോള, മൗറീഷ്യസ്, കോമറോസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ നേരിട്ട് പ്രവേശിക്കുന്നതും ഈ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളുമാണ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി വിലക്കിയിരിക്കുന്നത്.