ഡോക്ടറേറ്റ് വിവാദത്തില്‍ രേഖകള്‍ സമര്‍പ്പിക്കാതെ ഒഴിഞ്ഞുമാറി ഷാഹിദ കമാല്‍

തിരുവനന്തപുരം- വ്യാജ ഡോക്ടറേറ്റ് ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്തക്ക് മുന്നില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിക്കുന്ന മുഴുവന്‍ രേഖകളും നല്‍കാതെ ഒഴിഞ്ഞ് മാറി വനിത കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍. മുഴുവന്‍ രേഖകളും സമര്‍പ്പിക്കാനാണ് ലോകായുക്തയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നത്. എന്നാല്‍ രണ്ട് രേഖകള്‍ മാത്രമാണ് സമര്‍പ്പിച്ചത്. അവ അപൂര്‍ണവുമായിരുന്നു.
ലോകായുക്തക്ക് മുന്നില്‍ കേസിന്റെ വാദം തുടങ്ങി. മുഴുവന്‍ രേഖകളും സമര്‍പ്പിച്ച് വാദം വെള്ളിയാഴ്ചയും തുടരാമെന്നാണ് ലോകായുക്തയുടെ പുതിയ നിര്‍ദ്ദേശം. ഈ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഷാഹിദ കമാല്‍ നല്‍കിയ പരാതിയും ലോകായുക്ത തള്ളിയിരുന്നു.

വട്ടപ്പാറ സ്വദേശി അഖിലഖാന്‍ നല്‍കിയ പരാതിയിലാണ് ലോകായുക്ത ഷാഹിദാ കമാലിന് നോട്ടീസയച്ചത്. ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിച്ചുവെന്നായിരുന്നു ഹരജി. കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനില്‍നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാല്‍ ലോകായുക്തക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്.

 

Latest News