Sorry, you need to enable JavaScript to visit this website.

ഫ്രഞ്ച് അധികൃതരില്‍നിന്ന് നേരിട്ടത് മോശം പെരുമാറ്റമെന്ന് ഖാലിദ് അല്‍ഉതൈബി

റിയാദ് - ഫ്രഞ്ച് അധികൃതരില്‍ നിന്ന് വളരെ മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നതെന്ന് ജമാല്‍ ഖശോഗി വധത്തിലെ പ്രതിയെന്ന് സംശയിച്ച് പാരീസ് എയര്‍പോര്‍ട്ടില്‍ വെച്ച് ഫ്രഞ്ച് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത സൗദി പൗരന്‍ ഖാലിദ് അല്‍ഉതൈബി പറഞ്ഞു.
അറസ്റ്റ് ചെയ്ത ശേഷം മോശം വായുസഞ്ചാരമുള്ള, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച, കുറ്റവാളികളെ അടക്കുന്നതു പോലുള്ള ചില്ലുമുറിയിലാണ് ഫ്രഞ്ച് അധികൃതര്‍ തന്നെ അടച്ചത്. ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും മുറിയിലെ സൗകര്യമില്ലായ്മ മൂലം സാധിച്ചില്ല.
മൃഗശാലയില്‍ കഴിയുന്ന വന്യമൃഗം എന്നോണം തന്നെ പോലീസുകാര്‍ വന്ന് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. പ്രയാസപ്പെടുത്തുന്ന നിലയില്‍ പോലീസുകാരുടെ സാന്നിധ്യവും നീക്കങ്ങളും എപ്പോഴുമുണ്ടായിരുന്നു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ വൃത്തിയില്ലാത്ത ഗ്ലാസില്‍ വാഷ്‌ബേസിനില്‍ നിന്നുള്ള വെള്ളമാണ് നല്‍കിയത്. പാരീസിലെ സൗദി എംബസിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ഇതിന് സമ്മതിച്ചില്ല. താന്‍ കഴിയുന്ന ലൊക്കേഷന്‍ സുഹൃത്ത് അബ്ദുല്ലക്ക് അയച്ചുകൊടുക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. വൈകാതെ സൗദി എംബസിയില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചു.
തന്റെ ബന്ധുക്കളില്‍ ആരോ ആണ് ബന്ധപ്പെടുന്നതെന്നാണ് ഫ്രഞ്ച് അധികൃതര്‍ ധരിച്ചത്. എന്നാല്‍ എംബസി ഉദ്യോഗസ്ഥനാണ് തന്നോട് സംസാരിക്കുന്നത് എന്നത് തന്നെയും അത്ഭുതപ്പെടുത്തി. ഫോണ്‍ സംസാരത്തിലൂടെ തന്നെ കസ്റ്റഡിയില്‍ സൂക്ഷിച്ച സ്ഥലം അന്വേഷിച്ചറിഞ്ഞ ശേഷം എംബസി ഉദ്യോഗസ്ഥന്‍ നേരിട്ട് സ്ഥലത്തെത്തി സംസാരിക്കുകയും വൈകാതെ വിട്ടയക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പിന്നീട് സൗദി എംബസി നിയോഗിച്ച അഭിഭാഷകന്‍ എത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും തന്നെ ഫ്രഞ്ച് അധികൃതര്‍ വിട്ടയക്കുകയുമായിരുന്നു. പാരീസില്‍ നിന്ന് ആദ്യ വിമാനത്തില്‍ യാത്ര തിരിച്ച താന്‍ ജിദ്ദയില്‍ തിരിച്ചെത്തിയതായും ഖാലിദ് അല്‍ഉതൈബി പറഞ്ഞു.

 

 

Latest News