റിയാദ് - സെയിൽസ് റെപ്രസെന്റേറ്റീവ് പ്രൊഫഷനിലുള്ള വിദേശികളുടെ ഇഖാമ പുതുക്കുന്നില്ലെന്ന് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന് തൊഴിൽ സാമൂഹിക മന്ത്രാലയം അറിയിച്ചു. സെയിൽസ് റെപ്രസെന്റേറ്റീവ് (മൻദൂബ് മബീആത്ത്) പ്രൊഫഷൻ സ്വദേശിവത്കരിച്ചിട്ടുണ്ടോയെന്നും അത്തരം ഇഖാമകൾ പുതുക്കാതിരിക്കുന്നുണ്ടോയെന്നുമുള്ള ചോദ്യങ്ങൾ പലരും ഉന്നയിച്ചതിനെ തുടർന്നാണ് മന്ത്രാലയം ഇതുസംബന്ധിച്ച് അറിയിപ്പ് പ്രസിദ്ധീകരിച്ചത്.
സ്വദേശിവത്കരിച്ച പ്രൊഫഷനുകളെ കുറിച്ചും അടുത്ത ഹിജ്‌റ വർഷം മുതൽ സ്വദേശിവത്കരിക്കാനുള്ള മേഖലയെ കുറിച്ചും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. സീനിയർ എച്ച്.ആർ മാനേജർ, എംപ്ലോയീസ് അഫയേഴ്‌സ് ഡയറക്ടർ, ലേബർ വർക്കേഴ്‌സ് ഡയറക്ടർ, പേഴ്‌സണൽ റിലേഷൻസ് ഡയറക്ടർ, പേഴ്‌സണൽ അഫേഴ്‌സ് സ്പഷ്യലിസ്റ്റ്, പേഴ്‌സണൽ അഫേഴ്‌സ് ക്ലർക്ക്, എംപ്ലോയ്‌മെന്റ് ക്ലർക്ക്, എംപ്ലോയീസ് അഫയേഴ്‌സ് ക്ലർക്ക്, ഡ്യൂട്ടി ക്ലർക്ക്, ജനറൽ റിസപ്ഷനിസ്റ്റ്, ഹോട്ടൽ റിസപ്ഷനിസ്റ്റ്, പേഷ്യന്റ് റിസപ്ഷൻ, കംപ്ലെയിന്റ് ക്ലർക്ക്, കാഷ്യർ, സെക്യൂരിറ്റി ഗാർഡ്, മുഅഖിബ്, ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മാണ വിദഗ്ധൻ, കസ്റ്റംസ് ബ്രോക്കർ, ലേഡീസ് ഷോപ്പ് ജീവനക്കാരികൾ എന്നീ പ്രൊഫഷനുകളാണ് സ്വദേശിവത്കരിച്ചിട്ടുള്ളത്. ഇവയിലേക്കുള്ള ഇഖാമ പുതുക്കില്ല.