രഹസ്യവിവരം ലഭിച്ചു, പെരിങ്ങാടിയില്‍ അഞ്ച് നാടന്‍ ബോംബുകള്‍ കണ്ടെത്തി

തലശ്ശേരി- ന്യൂമാഹി പെരിങ്ങാടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ പൈപ്പിനകത്ത് സൂക്ഷിച്ച നിലയില്‍ അഞ്ച് നാടന്‍ ബോംബുകള്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് ന്യൂ മാഹി പ്രിന്‍സിപ്പല്‍ എസ് ഐ വിപിനും സംഘവും രഹസ്യവിവരത്തെ തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പില്‍ തിരച്ചിലിനെത്തിയത്. കാടുമൂടി കിടന്ന പറമ്പില്‍ പക്ഷെ ഒന്നും കണ്ടെത്താനായില്ല. തിരികെ വരാനൊരുങ്ങുമ്പോഴാണ് പറമ്പിലെ മണ്‍മതിലിനോട് ചേര്‍ന്ന ഭാഗത്ത് കുഴിയെടുത്ത് അടച്ചതായി അസി.എസ്.ഐ അനില്‍കുമാറിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇവിടെ മണ്ണെടുത്തപ്പോള്‍ ഉള്ളിലേക്ക് പോയ നിലയില്‍ പൈപ്പ് കാണപ്പെട്ടു.  തുടര്‍ന്ന് സമീപത്തു നിന്നും ജെ.സി,ബിയെത്തിച്ച് മണ്ണെടുത്തപ്പോള്‍ രണ്ടര അടി നീളമുള്ള പൈപ്പിനടിയില്‍ 200 എംഎം നീളമുള്ള മറ്റൊരു പൈപ്പ് കണ്ടെത്തി.  ഈ പൈപ്പ് രണ്ട് ഭാഗവും മൂടിയ നിലയിലായിരുന്നു. ഇതിനിടെ വിവരമറിയിച്ച് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡാണ്‌പൈപ്പില്‍ നിന്നും 5 നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. വീടുകള്‍ക്ക് മുന്നിലെ ഗെയ്റ്റുകള്‍ മുന്നില്‍  ദിനപത്രങ്ങള്‍ മഴ നനയാതിരിക്കാന്‍ ഉപയോഗിക്കുന്ന പൈപ്പുകളുടെ അതേ രീതിയിലാണ് ബോംബുകള്‍ സൂക്ഷിച്ച പൈപ്പുകളും ഉണ്ടായിരുന്നത.്  ഉഗ്ര സ്‌ഫോടക ശക്തിയേറിയ ബോംബുകള്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. ബോംബുകള്‍ അടുത്തിടെ നിര്‍മ്മിച്ചവയാണെന്ന് പോലീസ് പറഞ്ഞു.
ആഴ്ചകള്‍ക്ക് മുമ്പാണ് ധര്‍മ്മടം പാലയാട് കുട്ടികള്‍ കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോംബ് കണ്ടെത്തിയിരുന്നത.് ഇത് ദൂരേക്ക് വലിച്ചെറിയുന്നതിനിടെയില്‍ എട്ടാം ക്ലാസുകാരന് പരിക്കേറ്റിരുന്നു. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും രാഷട്രീയ പ്രതിയോഗികളെ നേരിടാന്‍ ബോംബും ആയുധങ്ങളും സംഭരിക്കുന്ന പ്രവണത പഴയതു പോലെ തുടരുകയാണെന്നാണ്  ഇതു വ്യക്തമാക്കുന്നത്.
 

 

Latest News