Sorry, you need to enable JavaScript to visit this website.

ഹജ് മന്ത്രാലയ ലോഗോ രൂപകല്‍പന ചെയ്യാന്‍ മത്സരം

ഹജ്, ഉംറ മന്ത്രാലയത്തിന്റെ നിലവിലെ ലോഗോ.

റിയാദ് - ഹജ്, ഉംറ മന്ത്രാലയത്തിന്റെ പുതിയ ലോഗോ രൂപകല്‍പന ചെയ്യാന്‍ മന്ത്രാലയം മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ക്രിയേറ്റീവ് ഡിസൈനര്‍മാരോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഏറ്റവും മികച്ച ലോഗോ രൂപകല്‍പന ചെയ്യുന്നവര്‍ക്ക് 50,000 റിയാല്‍ സമ്മാനം ലഭിക്കും. തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും എളുപ്പവുമാര്‍ന്ന അനുഭവം, തീര്‍ഥാടകരുടെ സംതൃപ്തി നേടല്‍, മികച്ച സേവനങ്ങള്‍ ഉറപ്പാക്കി തീര്‍ഥാടകരെ സേവിക്കല്‍ എന്നീ മന്ത്രാലയത്തിന്റെ സന്ദേശങ്ങള്‍ക്കും കാഴ്ചപ്പാടിനും അനുസൃതമായാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്യേണ്ടത്.
സൗദി അറേബ്യയുടെ ലോഗോ ആയ രണ്ടു വാളുകളും ഈത്തപ്പനയും ഹജ്, ഉംറ മന്ത്രാലത്തിന്റെ പുതിയ ലോഗോയില്‍ അടങ്ങിയിരിക്കണം. ഹജിന്റെയും ഉംറയുടെയും പ്രതീകാത്മകത പ്രതിനിധീകരിക്കുന്ന ലോഗോ ലളിതവും സങ്കീര്‍ണമായ ഘടങ്ങള്‍ അടങ്ങാത്തതും ആയിരിക്കണം. പ്രധാന ഡിസൈന്‍ അറബിയിലും ഇംഗ്ലീഷിലുമുള്ള വാക്കുകള്‍ ഉപയോഗിച്ചായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഹജ്, ഉംറ മന്ത്രാലയത്തിന്റെ വിഷനും സന്ദേശവും ലോഗോ പ്രതിഫലിപ്പിക്കണം. ഇസ്‌ലാമിക ലോകത്ത് ഹജിനും ഉംറക്കുമുള്ള സ്ഥാനത്തെ പുതിയ ലോഗോ സ്പര്‍ശിക്കുകയും വേണം. ലോഗോയുടെ ഘടന സമതുലിതമായ ജ്യാമിതീയ അളവുകളുമായി ദൃശ്യപരമായി സന്തുലിതമായിരിക്കണം. കൂടാതെ വ്യത്യസ്ത വലുപ്പങ്ങളില്‍ ഉപയോഗിക്കാന്‍ വഴക്കമുള്ളതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. മത്സരത്തില്‍ പങ്കെടുത്ത് ലോഗോ രൂപകല്‍പന ചെയ്യുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ ഡിസംബര്‍ 21 നു മുമ്പായി ഇ-മെയിലില്‍ ([email protected]) അയക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.


 

 

Latest News