Sorry, you need to enable JavaScript to visit this website.

വോട്ട് പിടിക്കാന്‍ ഇനി അയോധ്യയില്ല, മഥുര കൃഷ്ണജന്മഭൂമി പ്രശ്‌നം രാജ്യസഭയില്‍ ഉന്നയിച്ച് ബി.ജെ.പി

ന്യൂദല്‍ഹി- ആരാധനാലയങ്ങളുടെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന നിയമം റദ്ദാക്കണമെന്ന് ബി.ജെ.പി എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. യു.പി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ഭൂമി തര്‍ക്ക വിഷയം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഒരുങ്ങുകയാണ് ബി.ജെ.പിയും സംഘ്പരിവാറും. ഇതിന്റെ ഭാഗമായാണ് ബി.ജെ.പി എം.പി വിഷയം  രാജ്യസഭയില്‍ ഉന്നയിച്ചിരിക്കുന്നത്.

ശൂന്യവേളയില്‍  വിഷയം ഉന്നയിച്ച ഹര്‍നാഥ് സിംഗ് യാദവ് 1991 ലെ ആരാധനാലയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചു.  1947 ഓഗസ്റ്റ് 15 മുതല്‍ നിലവിലുള്ള ആരാധനലായങ്ങളുടെ മതപരമായ സ്വഭാവം അതേപടി നിലനിര്‍ത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.

അയോധ്യയിലെ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസ് ഒഴികെ മറ്റു ആരാധാനലായങ്ങള്‍ സംബന്ധിച്ച് കോടതികളിലുള്ള എല്ലാ തര്‍ക്കങ്ങളും 1991 ലെ നിയമപ്രകാരം അവസാനിച്ചതായും കണക്കാക്കുന്നു,.
വിദേശ ആക്രമണകാരികള്‍ കൃഷ്ണ ജന്മഭൂമിയും മറ്റ് ആരാധനാലയങ്ങളും ബലമായി പിടിച്ചടക്കിയതിന്  നിയമപരമായ പവിത്രത നല്‍കുന്ന ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ബി.ജെ.പി എം.പി ആരോപിച്ചു. ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നിയമം ഹിന്ദുക്കള്‍ക്കും ജൈനര്‍ക്കും സിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും അവരുടെ മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഇല്ലാതാക്കി- അദ്ദേഹം പറഞ്ഞു.
1991 ലെ നിയമം ശ്രീരാമനും കൃഷ്ണനും തമ്മില്‍ വിവേചനം കാണിക്കുന്നതാണെന്നും രണ്ടും വിഷ്ണുവിന്റെ അവതാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ശൂന്യവേളയില്‍ വിഷയം ഉന്നച്ചതിനെ ചില പ്രതിപക്ഷ പാര്‍ട്ടി എം.പിമാര്‍ ചോദ്യം ചെയ്തു. ഐക്യവും സൗഹാര്‍ദവും  സംരക്ഷിക്കുന്നതിനാണ് 1991 ലെ നിയമം പാര്‍ലമെന്റ് പാസാക്കിയതെന്ന് ബിജെപി എം.പിയെ എതിര്‍ത്തുകൊണ്ട്  ആര്‍ജെഡിയിലെ മനോജ് കുമാര്‍ ഝാ പറഞ്ഞു.

 

Latest News