കോഴിക്കോട് - സ്വകാര്യ ബസുടമ സംഘടനാ നേതാക്കളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നടത്തിയ ചർച്ച അലസി. വിദ്യാർഥികളുടെ മിനിമം ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് മന്ത്രി പറഞ്ഞു.
വിദ്യാർഥികളുടെ ചുരുങ്ങിയ ചാർജ് ഒരു രൂപയിൽ നിന്നും രണ്ട് രൂപയാക്കി വർധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. ഇത് അംഗീകരിക്കാത്തതോടെ മൂന്നു ദിവസമായി നടക്കുന്ന സ്വകാര്യബസ് സമരം തുടരുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
മിനിമം ചാർജ് വർധന, ഫെയര്‍സ്റ്റേജ് നിരക്ക് വർധന എന്നിവ അംഗീകരിച്ച ബസുടമകൾ വിദ്യാർഥികളുടെ മിനിമം ചാർജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് പരസ്യ നിലപാട് സ്വീകരിച്ചതായി മന്ത്രിപറഞ്ഞു. ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശകൾ അതേപടി നടപ്പാക്കാനാവില്ല. 24 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് നിരക്കിളവ് നൽകരുതെന്നാണ് കമ്മീഷൻ ശുപാർശ. ഇത് സർക്കാർ അംഗീകരിക്കുന്നില്ല. വിദ്യാർഥികൾക്ക് പ്രായപരിധിയെന്നത് യുക്തിസഹമല്ലെന്നാണ് സർക്കാർ നിലപാട്. സ്വകാര്യ ബസ് സമരം കാരണം ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കാൻ സർക്കാർ നിർബന്ധിതമാകും. കടുത്ത നടപടിയിലേക്ക് പോകണോയെന്ന് ഉടൻ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ ചർച്ച നടത്തി സമരം തീർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുവെന്നും ചില സംഘടനകളെ ചർച്ചയിൽ പങ്കെടുപ്പിച്ചില്ലെന്നും ആരോപിച്ച് ഒരു കൂട്ടം ബസുടമകൾ ചർച്ച നടന്ന കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ബഹളമുണ്ടാക്കി.
സ്വകാര്യ ബസുകളിലെ 60 ശതമാനം യാത്രക്കാരായ വിദ്യാർഥികളുടെ മിനിമം ചാർജ് വർധിപ്പിക്കാതെ ഈ മേഖലയ്ക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന് ബസ് കോ ഓഡിനേഷൻ കമ്മിറ്റി ജനറൽസെക്രട്ടറി ടി. ഗോപിനാഥ് പിന്നീട് പറഞ്ഞു. ജസ്റ്റീസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞ തരത്തിൽ വിദ്യാർഥികളുടെ മിനിമം ചാർജ് ലഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. ചർച്ചയിൽ വിവിധ സംഘടനാ ഭാരാവാഹികളായ ഗോകുൽദാസ് (കെ.ബി.ടി.എ), കോൺഫെഡറേഷൻ ചെയർമാൻ ലോറൻസ് ബാബു, വി.ജെ. സെബാസ്റ്റ്യൻ, ജോൺസൺ പയ്യപ്പള്ളി പങ്കെടുത്തു.