Sorry, you need to enable JavaScript to visit this website.

പടിഞ്ഞാറന്‍ സൗദിയില്‍ മിസൈല്‍ ആക്രമണ ശ്രമം

റിയാദ് - പടിഞ്ഞാറന്‍ സൗദിയില്‍ മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. പുലര്‍ച്ചെയാണ് പടിഞ്ഞാറന്‍ സൗദി ലക്ഷ്യമിട്ട് ഹൂത്തികള്‍ മിസൈല്‍ തൊടുത്തത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം മിസൈല്‍ കണ്ടെത്തി തകര്‍ക്കുകയായിരുന്നു. സാധാരണക്കാര്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും സംരക്ഷണം നല്‍കാനും ആവശ്യമായ മുഴുവന്‍ നടപടികളും പ്രതിരോധ മന്ത്രാലയം സ്വീകരിക്കും. അതിര്‍ത്തി കടന്നുള്ള ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
ജിസാനില്‍ ഷെല്‍ ആക്രമണം നടത്താനും ഹൂത്തികള്‍ വിഫലശ്രമം നടത്തി. സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട ഷെല്‍ ജിസാനിലെ മെയിന്‍ റോഡിനും ഒരു സൂഖിനും സമീപമാണ് പതിച്ചതെന്ന് സഖ്യസേന പറഞ്ഞു. ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട പൈലറ്റില്ലാ വിമാനവും ഇന്നലെ പുലര്‍ച്ചെ സഖ്യസേന തകര്‍ത്തു. യെമന്‍ വ്യോമമേഖലയില്‍ വെച്ചു തന്നെ ഡ്രോണ്‍ കണ്ടെത്തി വെടിവെച്ചിടാന്‍ സഖ്യസേനക്ക് സാധിച്ചു.
മാരിബില്‍ ഹൂത്തികളുടെ വ്യോമപ്രതിരോധ സംവിധാനം സഖ്യസേന കഴിഞ്ഞ ദിവസം തകര്‍ത്തു. ഇരുപത്തിനാലു മണിക്കൂറിനിടെ മാരിബിലും അല്‍ജൗഫിലും ഹൂത്തി സൈനിക ലക്ഷ്യങ്ങള്‍ക്കു നേരെ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ ഹൂത്തികളുടെ 18 സൈനിക ഉപകരണങ്ങള്‍ തകരുകയും 150 ലേറെ ഹൂത്തി ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇരുപത്തിനാലു മണിക്കൂറിനിടെ ഹൂത്തികളെ ലക്ഷ്യമിട്ട് 26 വ്യോമാക്രമണങ്ങളാണ് സഖ്യസേന നടത്തിയത്.
യെമനിലെ തഇസില്‍ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തഇസിലെ ദമീന്‍ പ്രദേശത്തെ സഈദ് ബിന്‍ ജുബൈര്‍ സ്‌കൂളിനു നേരെയാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇന്നലെ രാവിലെ മാരിബില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട രണ്ടു ഡ്രോണുകള്‍ യെമന്‍ സൈന്യവും തകര്‍ത്തു. മാരിബിന് തെക്ക് ഹൂത്തികളുടെ അഞ്ചു സൈനിക ഉപകരണങ്ങളും തകര്‍ത്തതായി യെമന്‍ സൈന്യം അറിയിച്ചു.

 

Latest News