മക്ക - മക്ക അപ്പീല്‍ കോടതിയില്‍ വെടിവെപ്പ് നടത്തിയ സുരക്ഷാ ഭടനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. തായിഫില്‍ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ഭടനാണ് സര്‍വീസ് തോക്ക് ഉപയോഗിച്ച് എതിരാളിക്കു നേരെ നിറയൊഴിച്ചത്. മക്ക അപ്പീല്‍ കോടതി പാര്‍ക്കിംഗിലാണ് സംഭവം.
ഇടതു കാല്‍മുട്ടിന് പരിക്കേറ്റയാളെ മക്ക അല്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന കൊലക്കേസിന്റെ വിചാരണക്ക് മക്ക അപ്പീല്‍ കോടതിയില്‍ എത്തിയപ്പോഴാണ് സുരക്ഷാ ഭടന്‍ എതിരാളിക്കു നേരെ നിറയൊഴിച്ചത്. ഈ സമയത്ത് ഔദ്യോഗിക സര്‍വീസ് റിവോള്‍വര്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. കൊല്ലപ്പെട്ടയാളുടെ മകനാണ് മുപ്പതുകാരനായ സുരക്ഷാ ഭടന്‍. തന്റെ പിതാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ മകനായ നാല്‍പതുകാരനു നേരെയാണ് സുരക്ഷാ ഭടന്‍ കോടതിയില്‍ വെച്ച് നിറയൊഴിച്ചതെന്നും സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.






