ഒമിക്രോണ്‍ ബാധിച്ച ഡോക്ടര്‍ക്ക് 14 ദിവസം കഴിഞ്ഞിട്ടും കോവിഡ് ഭേദമായില്ല

ബെംഗളൂരു- കര്‍ണാടകയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ഡോക്ടര്‍ക്ക് 14 ദിവസത്തിലേറെ കഴിഞ്ഞെങ്കിലും കോവിഡ് ഭേദമായില്ല. രോഗലക്ഷണങ്ങളൊന്നുമില്ലാത്തെ 46 കാരനായ ഡോക്ടര്‍ ബൗറിംഗ് ആന്റെ ലേഡി കഴ്‌സണ്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റിലും പോസിറ്റീവാണ്. രണ്ടുമൂന്ന് ദിവസത്തിനുശേഷം വീണ്ടും പരിശോധിക്കും.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് 24 മണിക്കൂറിനിടയില്‍ രണ്ട് തവണ നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചാലാണ് രോഗിക്ക് ആശുപത്രി വിടാനാകുക. ആര്‍.ടി പി.സി.ആര്‍ ടെസ്റ്റുകളിലാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും പിന്നീട് ഒമിക്രോണ്‍ ആണെന്ന് കണ്ടെത്തിയതും.
രോഗലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ പോകാനാവാത്തതില്‍ ചെറിയ മാനസിക സമ്മര്‍ദമേയുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞു. വൈറസ് ബാധിച്ച് 40-60 ദിവസങ്ങള്‍ കഴിഞ്ഞാലും ചിലര്‍ക്ക് പോസിറ്റീവ് തന്നെ കാണിക്കാറുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
ഒമിക്രോണ്‍ കണ്ടെത്തിയ ഡോക്ടര്‍ക്ക് നവംബര്‍ 22 നാണ് കോവിഡ് സ്ഥിരീകരിച്ചത്. ശരീരവേദനയെ തുടര്‍ന്ന് നവംബര്‍ 25 മുതല്‍ 29 വരെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജനിതക ശ്രേണി പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെയാണ് ലേഡ് കഴ്‌സണ്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കത്തില്‍വന്നവരേയും കോവിഡ് സ്ഥിരീകരിച്ച് ഡിസംബര്‍ രണ്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

Latest News