ജയ്പുർ- രാജസ്ഥാനിൽ നാല് വിദ്യാർഥികളെ ഒൻപത് അധ്യാപകരും പ്രഥമാധ്യാപകനും കൂട്ടബലാത്സംഗം ചെയ്തു. ആൽവാറിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപകർക്കെതിരേയാണ് കേസ്. അധ്യാപകർ ഭീഷണപ്പെടുത്തിയതായും അധ്യാപികമാർ പീഡനദൃശ്യങ്ങൾ പകർത്തിയതായും പണം വാഗ്ദാനം ചെയ്തതായും വിദ്യാഥിനികൾ ആരോപിച്ചു. പ്രഥമാധ്യാപകനും അധ്യാപകരും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായി മൂന്ന്, നാല്, ആറ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പരാതി നൽകിയത്. സംഭവം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ പറഞ്ഞു.
ഒരു വിദ്യാർഥിയുടെ പിതാവ് മകൾ സ്കൂളിൽ പോകാതിരുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂൾ പ്രഥമാധ്യാപകനും മൂന്ന് അധ്യാപകരും ചേർന്ന് ഒരു വർഷത്തിലധികമായി കൂട്ടബലാത്സംഗം ചെയ്യുന്നതായി പത്താം ക്ലാസ് വിദ്യാർഥിനി പിതാവിനെ അറിയിച്ചു. രണ്ട് അധ്യാപികമാർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയതായും വിദ്യാർഥിനി ആരോപിച്ചു.
സംഭവം അധ്യാപികമാരോട് പറഞ്ഞപ്പോൾ മറ്റാരോടു പറയരുതെന്ന് ആവശ്യപ്പെട്ടതായും കുട്ടികൾ പോലീസിനോട് വ്യക്തമാക്കി. ഫീസ് അടക്കാമെന്നും പുസ്തകങ്ങൾ വാങ്ങി നൽകാമെന്നും അധ്യാപികമാർ വാഗ്ദാനം ചെയ്തതായും വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിന് ശേഷം അധ്യാപിക പ്രഥമാധ്യാപകൻ അടക്കമുള്ളവരുടെ വീടുകളിലേക്ക് നിരവധി തവണ കൊണ്ടുപോയതായും അവിടെവെച്ച് പീഡനത്തിന് ഇരയായതായും വിദ്യാർഥിനി ആരോപിച്ചു.






