Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ സഖ്യമില്ലെന്ന് ശിവസേന, അകലം പാലിച്ച് എന്‍സിപി; ഗോവയില്‍ ഉടക്കുമോ?

ന്യൂദല്‍ഹി/മുംബൈ- ചൊവ്വാഴ്ച നടന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടേയും ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റേയും കൂടിക്കാഴ്ച ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം വിപുലപ്പെടുത്താനുള്ള സാധ്യതകള്‍ തുറന്നപ്പോള്‍ അകലം പാലിച്ച് മറ്റൊരു സഖ്യകക്ഷിയായ എന്‍സിപി. മഹാരാഷ്ട്രയില്‍ ഈ മൂന്ന് പാര്‍ട്ടികളും ചേര്‍ന്നുള്ള മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരാണ് അധികാരത്തിലുള്ളതെങ്കിലും ഈയിടെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങള്‍ സഖ്യസമവാക്യങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്നാണ് രാഹുലിനെ കണ്ട ശേഷം സഞ്ജയ് റാവത്ത് പറഞ്ഞത്. മുന്നണിയെ രാഹുല്‍ ഗാന്ധി നയിക്കണമെന്നാണ് ശിവസേനയുടെ നിലപാടെന്നും സഞ്ജയ് പറഞ്ഞു. മഹാരാഷ്ട്രയയ്ക്കു പുറത്ത് കോണ്‍ഗ്രസുമായി ശിവസേന ദേശീയ തലത്തിലും കൈകോര്‍ത്തേക്കുമെന്നാണ് സൂചന. 

അതേസമയം ചൊവ്വാഴ്ച നടന്ന എന്‍സിപി പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനങ്ങളില്‍ കോണ്‍ഗ്രസുമായി ഒരു അകലം വ്യക്തമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സമാന മനസ്‌ക്കരായ പാര്‍ട്ടികളുമായി കൈകോര്‍ക്കണമെന്നാണ് പാര്‍ട്ടി മുതിര്‍ന്ന നേതാക്കളുടെ താല്‍പര്യമെന്ന് ഉന്നത എന്‍സിപി നേതാവായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസിന്റേ പേര് പറഞ്ഞില്ല. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രത്യേകം എടുത്തു പറയുകയും ചെയ്തു. 

ഗോവ അടക്കമുള്ള സംസ്ഥാനങ്ങളില്‍ പരസ്പരം ഏറ്റുമുട്ടല്‍ ഒഴിവാക്കി തന്ത്രപരമായി  രംഗത്തിറങ്ങുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള താല്‍പര്യമില്ലായ്മ എന്‍സിപിക്കുള്ളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇതാണ് പ്രഫുല്‍ പട്ടേലിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗോവയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യം സോണിയാ ഗാന്ധിയുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ നേരിട്ട് സംസാരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കാന്‍ തയാറായിട്ടില്ല. ഏഴു സീറ്റുകളാണ് എന്‍സിപി ചോദിച്ചത്. ഇതുവരെ ഗോവയില്‍ ഔദ്യോഗികമായോ പിന്നണി തന്ത്രത്തിന്റെ ഭാഗമായോ ഇരുപാര്‍ട്ടികളും ഒന്നിച്ചല്ല. 

അതേസമയം എന്‍സിപിയുടെ നീക്കം കോണ്‍ഗ്രസിനു മേലുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നും രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നു. സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തന്ത്രപരമായി പെരുമാറാന്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുക ആകാം എന്‍സിപിയുടെ ഉന്നം. മമതയെ പിന്തുണച്ചതും പ്രതിപക്ഷ നേതൃത്വം കൊണ്‍ഗ്രസിനു തന്നെ ആയിക്കൊള്ളണമെന്നില്ല എന്നുള്ള പവാറിന്റെ കരുതിക്കൂട്ടിയുള്ള വാക്കുകളും ഇതിന്റെ ഭാഗാമാകാം. ഗാന്ധി കുടുംബവുമായി പവാറിന് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. 

മുംബൈയിലെത്തി ശരത് പവാറുമായി തൃണമൂല്‍ അധ്യക്ഷ മമത കൂടിക്കാഴ്ച നടത്തുകയും യുപിഎ ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയതതിനു ശേഷമാണ് പുതിയ മാറ്റങ്ങള്‍ പ്രകടമായത്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് തൃണമൂല്‍ കെട്ടിപ്പടുക്കുന്ന മമത ബിജെപിക്കെതിരെ ശക്തമായി പൊരുതാന്‍ തങ്ങളൊരുങ്ങിയെന്നും പ്രഖ്യാപിച്ചിരുന്നു. മേയില്‍ നടന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നില്ല. മൂന്നാമതും മിന്നും ജയത്തോടെ അധികാരത്തിലെത്തിയ ശേഷം മമത കോണ്‍ഗ്രസിനെതിരെ ഒളിയാക്രമണം ശക്തിപ്പെടുത്തുകയാണ് ചെയ്തത്.

കോണ്‍ഗ്രസിനെതിരായ മമതയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശിവസേനയുടെ രക്ഷാപ്രവര്‍ത്തനം. ശിവ സേന എംപി സഞ്ജയ് റാവത്ത് തിരക്കിട്ട് രാഹുല്‍ ഗാന്ധിയെ കണ്ടതും കോണ്‍ഗ്രസില്ലാതെ സഖ്യമില്ലെന്ന പ്രഖ്യാപനവും ഈ നീക്കത്തിന്റെ ഭാഗമാണ്. മുംബൈയിലെത്തിയ മമതയ്ക്ക് ശിവ സേനാ അധ്യക്ഷന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിനെതിരെ നടക്കുന്ന നീക്കങ്ങള്‍ ബിജെപിയെ സഹായിക്കാനാണെന്ന് ശിവ സേന മുഖപത്രം എഴുതുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മോഡിയെ അടക്കിയിരുത്താന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് കാലത്തിന്റെ ആവശ്യമെന്നും ശിവസേന പറഞ്ഞിരുന്നു.
 

Latest News