കണ്ണൂർ- പരിസ്ഥിതി പ്രശ്‌നവുമായി ബന്ധപ്പെട്ട് രാജ്യം ഉറ്റുനോക്കിയ വയൽക്കിളി സമരം വിസ്മൃതിയിലാക്കി, കീഴാറ്റൂർ വയലിൽ ദേശീയ പാത ബൈപാസ് നിർമാണത്തിന് തുടക്കമായി. ദേശീയപാത 66 ന്റെ ബൈപാസ് നിർമാണത്തിനായി ജൈവ വൈവിധ്യ കേന്ദ്രമായ കീഴാറ്റൂർ വയലിൽ മണ്ണിട്ടു തുടങ്ങി.
വയൽ നികത്തി ദേശീയപാത നിർമിക്കുന്നതിനെതിരെ തദ്ദേശീയരായ ഏതാനും കർഷകരും പരിസ്ഥിതി പ്രവർത്തകരും നടത്തിയ വർഷങ്ങൾ നീണ്ട സമരം ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു. വടക്കെ മലബാറിന്റെ നെല്ലറകളിൽ ഒന്നായ കീഴാറ്റൂരിനെ നെടുകെ പിളർന്നുള്ള ബൈപാസ് നിർമാണം ഒരിക്കലും അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അണിനിരത്തി നടത്തിയ സമരം സ്വാതന്ത്രാനന്തര ഇന്ത്യയിൽ തന്നെ സമാനതകളില്ലാത്തതായിരുന്നു.
കോൺഗ്രസും, മുസ്‌ലിം ലീഗും, സി.പി.ഐയും, ബി.ജെ.പിയും ജമാഅത്തെ ഇസ്‌ലാമിയും എണ്ണമറ്റ പരിസ്ഥിതി സംഘടനകളും ഒരുപോലെ പിന്തുണച്ച ഈ സമരത്തിന് അധികാരികളുടെ മർക്കടമുഷ്ടിക്കു മുന്നിൽ അടിയറവു പറയേണ്ടി വന്നു.
ബൈപാസ് അലൈൻമെന്റിന്റെ ഭാഗമായി ഭൂമി നിർണയത്തിനെത്തിയ ഉദ്യോഗസ്ഥരെ ദേഹത്തു പെട്രോളൊഴിച്ച് ആത്മാഹുതി ഭീഷണി മുഴക്കിയാണ് വയൽക്കിളികൾ ചെറുത്തത്.
സംസ്ഥാനത്തിന് അകത്തും പുറത്തും ചർച്ച ചെയ്യപ്പെട്ട വയൽക്കിളി ഉപരോധസമരം നടന്ന കീഴാറ്റൂർ വയലിൽ ഒരു വർഷം മുമ്പുതന്നെ കൃഷി ജോലികൾ നാട്ടുകാർ നിർത്തിവച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതോടെയാണിത്.
2017 സെപ്റ്റംബർ 14 നാണ് വയൽക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂർ, നമ്പാടത്ത് ജാനകി എന്നിവരുടെ നേതൃത്വത്തിൽ ദേശീയ പാത നിർമാണത്തിനെതിരെ ഐതിഹാസികമായ സമരത്തിന് തുടക്കം കുറിച്ചത്. 20 ദിവസം നീണ്ട നിരാഹാര സമരത്തോടെയാണു വയൽക്കിളി സമരം ശ്രദ്ധേയമാകുന്നത്. തളിപ്പറമ്പ് നഗരത്തിലൂടെ ദേശീയപാത നിർമിക്കുന്നത് ഒഴിവാക്കാൻ ബൈപാസ് എന്ന രീതിയിൽ വയൽ നികത്തി ദേശീയ പാത നിർമിക്കുന്നതിനെതിരെ കീഴാറ്റൂരിലെ സി.പി.എം പ്രവർത്തകരാണ് ആദ്യം സമര രംഗത്തിറങ്ങിയത്. പിന്നീട് നേതൃത്വം ഇടപെട്ട് സമരത്തിൽനിന്ന് പിന്മാറി. ഇതോടെയാണ് മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി.പി.എം പ്രവർത്തകരും നേതൃത്വത്തിൽ വയൽക്കിളികൾ എന്ന പേരിൽ സമരം ആരംഭിച്ചത്. സമരം പൊതുജന ശ്രദ്ധയാകർഷിച്ചതോടെ സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി കക്ഷികളും ഒട്ടേറെ സംഘടനകളും രംഗത്ത് വന്നു. 2018 മാർച്ച് 14 ന് വയലിൽ സർവേ ജോലിക്ക് എത്തിയവരെ വയൽക്കിളി പ്രവർത്തകർ തടയുകയും തുടർന്ന് പ്രവർത്തകർ ദേഹത്ത് ഡീസൽ ഒഴിച്ച് ജീ വനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനിടെ വയൽക്കിളികളുടെ സമരപ്പന്തൽ തീവെച്ചു നശിപ്പിക്കപ്പെട്ടതു സമരം രൂക്ഷമാക്കി. സംഭവത്തിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതോടെ സി.പി.എം ഒഴികെയുള്ള മിക്കവാറും എല്ലാ രാഷ്ട്രീയ കക്ഷികളും സമരത്തിന് പിൻതുണയുമായി എത്തി.
പാർട്ടി നിർദേശം മറികടന്ന് സമരം നടത്തിയതിനു വയൽക്കിളി പ്രവർത്തകരായ 11 സി.പി.എം അംഗങ്ങളെ പാർട്ടിയിൽ നിന്നു പുറത്താക്കുകയും ചെയ്തു. ബി.ജെ.പിയുടെ നേതൃത്വത്തിൽ നന്ദിഗ്രാമിലെ വയലിൽനിന്നു കൊണ്ടുവന്ന മണ്ണ് കീഴാറ്റൂർ വയലിൽ നിക്ഷേപിച്ചു സമരം നടത്തി. വയൽ നികത്തി ദേശീയ പാത നിർമാണം നടത്തുന്നതിനെക്കുറിച്ച് പ്രത്യേക പരിസ്ഥിതി പഠനം നടത്തണമെന്നാവശ്യപ്പെട്ട് വയൽക്കിളികൾ നൽകിയ ഹരജികൾ ഇപ്പോഴും ഹൈക്കോടതിയുടെയും ചെന്നൈ ഗ്രീൻ ട്രൈബ്യൂണലിന്റെയും പരിഗണനയിലാണ്.
വയൽക്കിളി നേതാവായ സുരേഷ് കീഴാറ്റൂരിനു നേരെ പല തവണ അക്രമം നടക്കുകയും ചെയ്തു.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയുമായി പോലും വയൽക്കിളി പ്രതിനിധികൾ പ്രത്യേക ചർച്ച നടത്തിയെങ്കിലും ദേശീയ പാതാ അലൈൻമെന്റിൽ മാറ്റം വരുത്താൻ അധികൃതർ തയാറായില്ല. നടപടികൾ പൂർത്തിയാക്കി ത്രിഡി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചുവെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഒടുവിൽ വയൽക്കിളി അംഗങ്ങൾ അടക്കം ഭൂരേഖകൾ സമർപ്പിച്ച് നഷ്ടപരിഹാര തുക കൈപ്പറ്റിയതോടെ വയൽക്കിളി സമരത്തിന് തിരശീല വീഴുകയായിരുന്നു. ബൈപാസ് നിർമാണത്തിനായി കൂറ്റൻ മണ്ണുമാന്തിയന്ത്രങ്ങൾ കീഴാറ്റൂർ വയലിൽ ഇറങ്ങിക്കഴിഞ്ഞു. ഏതാനും വർഷങ്ങൾക്കകം ഇവിടെ ഉയരുന്ന ആറുവരിപാതയിലൂടെ വാഹനങ്ങൾ ചീറിപ്പായും.