ന്യൂദല്‍ഹി- കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതര്‍ക്കും ജോലിയും നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്കുകള്‍ പോലും സര്‍ക്കാരിന്റെ കൈവശമില്ല. എഴുന്നൂറിലേറെ കര്‍ഷകര്‍ സമരത്തിനിടെ മരിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും സര്‍ക്കാരിന്റെ കൈവശമില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കൊല്ലപ്പെട്ട കര്‍ഷകര്‍ക്കു പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തിന്റെ വിവരങ്ങള്‍ സഭയില്‍ വെക്കാമെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബ് സര്‍ക്കാര്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതകര്‍ക്കു ജോലിയും നല്‍കിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ച രാഹുല്‍ പ്രസംഗത്തിന് ശേഷം കൊല്ലപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ലോക്‌സഭ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തു വെക്കുകയും ചെയ്തു.






