കര്‍ഷക സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനം

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഒരു വര്‍ഷമായി നടത്തി വന്ന സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ചു സംയുക്ത കിസാന്‍ മോര്‍ച്ച നാളെ തീരുമാനം എടുക്കും. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം തന്നെ അംഗീകരിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. മിനിമം താങ്ങു വില ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ രേഖാ മൂലം ഉറപ്പു നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
    സമരം പിന്‍വലിച്ചാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു. ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പുനല്‍കിയതായി കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. താങ്ങുവില സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടരിഹാരം നല്‍കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ തത്വത്തില്‍ അംഗീകരിച്ചു. വൈദ്യുതി ബില്‍ പാര്‍ലമെന്റില്‍ വെയ്ക്കുന്നതിന് മുന്‍പ്  ചര്‍ച്ച നടത്തുമെന്നും കത്തില്‍ പറഞ്ഞു.
    അതേസമയം, ലഖിംപൂര്‍ ഖേരി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ കത്തില്‍ പറഞ്ഞിട്ടില്ല. വൈദ്യുതി ബില്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് കത്തില്‍ വ്യക്തതയില്ലെന്നും കര്‍ഷക നേതാക്കള്‍ പറയുന്നു.

 

Latest News