ലഖ്‌നൗ- ഹിന്ദിയുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പിനെന്ന പേരില്‍ 17 പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളെ സ്‌കൂളിലേക്ക് വിളിച്ചിവരുത്തി പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിച്ചു. സ്‌കൂളിലെത്തിയ പെണ്‍കുട്ടികളെ രാത്രി താമസിപ്പിക്കുകയും പിന്നീട് ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് മയക്കിയുമാണ് പ്രിന്‍സിപ്പല്‍ യോഗേഷ് ലൈംഗികാതിക്രമം ചെയ്തത്. ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ നവംബര്‍ 18ന് നടന്ന സംഭവത്തില്‍ പോലീസ് ആദ്യം കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പ്രാദേശിക എംഎല്‍എ ഇടപെട്ട ശേഷമാണ് കേസെടുത്തത്. പ്രതിയെ പിടികൂടാനായി അഞ്ചു പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചു. ജോലിയില്‍ വീഴ്ചവരുത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതായി മുസഫര്‍നഗര്‍ പോലീസ് മേധാവി അഭിഷേക് യാദവ് അറിയിച്ചു.
സ്‌കൂളിന് തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളിലായിരുന്നു പരീക്ഷ. ക്ലാസില്‍ 29 പെണ്‍കുട്ടികളുണ്ടായിരുന്നെങ്കിലും 17 പേരെ മാത്രമാണ് പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരു പറഞ്ഞ് പ്രിന്‍സിപ്പല്‍ വിളിച്ചു വരുത്തിയത്. സ്‌കൂളിലെത്തിയ കുട്ടികളെ കൊണ്ട് നോട്ട് എഴുതിച്ചു. ശേഷം അടുത്ത ദിവസം കൂടുതല്‍ പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്ന് പറഞ്ഞ് കുട്ടികളോട് രാത്രി സ്‌കൂളില്‍ തന്നെ തങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നീട് കുട്ടികള്‍ കിച്ചഡി പാചകം ചെയ്തു. ഇതു പരിശോധിച്ച് വെന്തിട്ടില്ല എന്നു പറഞ്ഞ് പ്രിന്‍സിപ്പല്‍ കിച്ചഡി വേവിക്കുകയും അത് പെണ്‍കുട്ടികള്‍ക്ക് വിളമ്പി നല്‍കുകയും ചെയ്തു. ഇത് കഴിച്ച കുട്ടികള്‍ അബോധാവസ്ഥയിലാകുകും ഇതു മുതലെടുത്ത് ലൈംഗികാതിക്രമം കാട്ടുകയുമായിരുന്നു- പരാതിയില്‍ പറയുന്നു. ഈ സംഭവത്തെ കുറിച്ച് പുറത്തു പറയരുതെന്ന് സമ്മര്‍ദ്ദം ചെലുത്തിയതായും പെണ്‍കുട്ടികള്‍ ആരോപിച്ചു. പ്രാദേശിക എംഎല്‍എ പ്രമോദ് ഉട്‌വല്‍ ഇടപെട്ടതിനു ശേഷം മാത്രമാണ് പരാതി പോലീസ് സ്വീകരിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.