Sorry, you need to enable JavaScript to visit this website.

സ്വയം മാറിയില്ലെങ്കില്‍ മാറ്റമുണ്ടാകും; ബിജെപി എംപിമാര്‍ക്ക് മോഡിയുടെ ശാസന

ന്യൂദല്‍ഹി- പാര്‍ലമെന്റില്‍ പതിവായി വരാതിരിക്കുകയും ഇടക്കു മാത്രം വരികയും ചെയ്യുന്ന ബിജെപി എംപിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വയം മാറിയില്ലെങ്കില്‍ മാറ്റേണ്ടി വരുമെന്ന് എംപിമാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പു നല്‍കി. കുട്ടികളെ പോലെ പെരുമാറുന്നതിന് ബിജെപി നേതാക്കളെ മോഡി ശക്തമായി ശാസിച്ചു. പാര്‍ലമെന്റിലും യോഗങ്ങളിലും പതിവായി എത്തണം. ഇതിനെ ചൊല്ലി എന്നെ തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലാക്കുന്നത് നല്ലതല്ല. കുട്ടികളെ പോലെ നിങ്ങളെ നോക്കാനാകില്ല. നിങ്ങള്‍ സ്വയം മാറുന്നില്ലെങ്കിലും സമയമാകുമ്പോള്‍ മാറ്റങ്ങളുണ്ടാകും- ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എംപിമാരോടും മന്ത്രിമാരോടും മോഡി പറഞ്ഞു. മന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയല്‍, എസ് ജയ്ശങ്കര്‍, പ്രഹ്‌ളാദ് ജോഷി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരടക്കം സന്നിഹിതരായിരുന്നു. 

ഇപ്പോള്‍ നടന്നുവരുന്ന പാര്‍ലമെന്റിന്റെ ശീതക്കാല സമ്മേളനത്തില്‍ സഭയ്ക്കുള്ളില്‍ ബിജെപി പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുന്നതിനിടെയാണ് പാര്‍ട്ടി എംപിമാര്‍ക്ക് മോഡിയുടെ മുന്നറിയിപ്പ്. നാഗാലാന്‍ഡില്‍ സൈന്യം 14 തൊഴിലാളികളെ വെടിവച്ചു കൊന്നതും, 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതും കര്‍ഷക സമരവും അടക്കം നിരവധി വിഷയങ്ങളില്‍ ബിജെപി പാര്‍ലമെന്റില്‍ വലിയ പ്രതിഷേധം നേരിട്ടുകൊണ്ടിരിക്കുകയാണ്.  നവംബര്‍ 29ന് ആരംഭിച്ച ശീതക്കാല സമ്മേളനം ഡിസംബര്‍ 23ന് അവസാനിക്കും.
 

Latest News