തിരുവനന്തപുരം- കേരളത്തിൽനിന്ന് ഒമിക്രോൺ സംശയിച്ച് പരിശോധനക്ക് അയച്ച എട്ടു പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോൺ നെഗറ്റീവായത്. ആകെ 10 പേരുടെ ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചവരുടെ സാമ്പിളുകളിൽ ഇതുവരെ 8 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബിലാണ് ഒമിക്രോൺ ജനിതക പരിശോധന നടത്തുന്നത്.
ഹൈ റിസ്‌ക് രാജ്യത്തിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ എത്തിച്ചേർന്ന ഒരാൾക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങൾ നെഗറ്റീവായെങ്കിലും ജാഗ്രതയിൽ ഒരു കുറവും ഉണ്ടാകരുത്.






