Sorry, you need to enable JavaScript to visit this website.

ഗോവയില്‍ എംജിപി തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍

പനജി- ഗോവയില്‍ കന്നി രാഷ്ട്രീയ അങ്കത്തിനിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസിന് ആദ്യ സഖ്യ കക്ഷിയെ ലഭിച്ചു. 2017ല്‍ ബിജെപിയെ അധികാരത്തിലേറാന്‍ സഹായിച്ച് പിന്നീട് ബിജെപിയുമായി പിരിഞ്ഞ് എന്‍ഡിഎ വിട്ട മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി (എംജിപി) ആണ് തൃണമൂലുമായി സഖ്യമുണ്ടാക്കിയത്. എംജിപിക്ക് മൂന്ന് എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. രണ്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയതിനു പിന്നാലെ പാര്‍ട്ടി മന്ത്രിയായ സുധിന്‍ ദവില്‍കറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എംജിപി എന്‍ഡിഎ വിട്ടത്. 

തൃണമൂല്‍ ഗോവ ചുമതലയുള്ള നേതാവ് മഹുവ മൊയ്ത്രയും എംജിപി നേതാവ് ദീപക് ധവില്‍കറും ചേര്‍ന്നാണ് സഖ്യം പ്രഖ്യാപിച്ചത്. ഈ സഖ്യം തൃണമൂലിന്റെ പോരാട്ട വീര്യത്തിന്റേയും എംജിപിയുടെ ഗോവയില്‍ വേരൂന്നിയ ചരിത്രത്തിന്റേയും കൂടിച്ചേരലാണെന്ന് മൊയ്ത്ര പറഞ്ഞു. ഗോവയില്‍ മറ്റു ചെറുപാര്‍ട്ടികളുമായി തൃണമൂല്‍ സഖ്യ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തൃണമൂലില്‍ ലയിക്കണമെന്ന് ആവശ്യത്തെ തുടര്‍ന്ന് അത് വഴിമുട്ടി. കൂടുതല്‍ പാര്‍ട്ടികളെ കൂടെ ചേര്‍ക്കാനുള്ള നീക്കങ്ങളാണ് തൃണമൂല്‍ നടത്തി വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 40ല്‍ ഒമ്പത് സീറ്റുകളില്‍ എംജിപി മത്സരിച്ചേക്കും. 

നേരത്തെ ബിജെപിക്കൊപ്പം ഉണ്ടായിരുന്ന ഗോവ ഫോര്‍വാര്‍ഡ് പാര്‍ട്ടി ഈയിടെ കോണ്‍ഗ്രസുമായുള്ള സഖ്യം പ്രഖ്യാപിച്ചിരുന്നു. തൃണമൂലും ജിഎഫ്പിയെ കൂടെ കുട്ടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിട്ടില്ല.
 

Latest News