കൊച്ചി-വൈപ്പിന്‍ നായരമ്പലത്ത് പൊള്ളലേറ്റ് മരിച്ച അമ്മക്ക് പിന്നാലെ പൊള്ളലേറ്റ് ഗുരുതര നിലയിലായിരുന്ന മകനും മരിച്ചു. നായരമ്പലം കിഴക്ക് തെറ്റയില്‍ സിന്ധു (42), മകന് അതുല്‍ (17) എന്നിവരെ കഴിഞ്ഞദിവസമാണ് പൊള്ളലേറ്റ മരിച്ചനിലയില്‍ കണ്ടെത്തിയത്. സിന്ധു പുലര്‍ച്ചെയും മകന് അതുല്‍ രാത്രിയുമാണ് മരിച്ചത്.
അയല്‍വാസിയും ബിജെപി നേതാവുമായ പി.ടി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. ദിലീപ് മരിച്ച സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടാംവാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ദിലീപ്. ദിലീപ് നിരന്തരമായി ശല്യം ചെയ്യുന്നത് സംബന്ധിച്ച് സിന്ധു ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ ആരോപണം സിന്ധുവിന്റെ സഹോദരനും കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു. സിന്ധുവിന്റെ ശബ്ദരേഖ ഇതിന് തെളിവായി അവര്‍ പോലീസ് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദീലിപിന് വേണ്ടി നേതാക്കള്‍ ഇടപെട്ടുവെന്നും, സിന്ധുവിന്റെയും അതുലിന്റെയും മരണം കൊലപാതകമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സജീവ ബിജെപി പ്രവര്‍ത്തകനായ ദിലീപിന് പിന്നില്‍ പ്രദേശികനേതാക്കളുണ്ടെന്നും സിന്ധുവിന്റെ മാതാവും സഹോദരനും പറഞ്ഞു. ഇതിനിടെ ദിലീപ് മരിച്ച അതുലിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും ബന്ധുക്കള്‍ പുറത്തുവിട്ടു.






