Sorry, you need to enable JavaScript to visit this website.

ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ പീഡിപ്പിച്ചു, ഫ് ളാറ്റ് നടത്തിപ്പുകാരിയടക്കം മൂന്ന് പേരെ തിരയുന്നു

കൊച്ചി-ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ കാക്കനാട്ടെ ഫ് ളാറ്റ് നടത്തിപ്പുകാരി ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
യുവതി പീഡനത്തിനിരയായ മുറിയും പ്രതി സലിംകുമാര്‍ താമസിച്ച മുറിയും പോലീസ് പൂട്ടി മുദ്രവച്ചു. സലിംകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാക്കനാട് ഇടച്ചിറയിലുള്ള ക്രിസ്റ്റീന റെസിഡന്‍സി നടത്തിപ്പുകാരി ക്രിസ്റ്റീന, സഹായി ഷമീര്‍, സലിംകുമാറിന്റെ സുഹൃത്ത് അജ്മല്‍ എന്നിവരാണ് ഒളിവിലുള്ളത്. ക്രിസ്റ്റീനയുടെ സഹായത്തോടെയായണ് മൂന്ന് ദിവസം ലോഡ്ജില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ പരാതി. തന്നെ അനാശാസ്യത്തിന് നിര്‍ബന്ധിച്ചുവെന്നും യുവതി പറയുന്നു.

കഴിഞ്ഞ 28നാണ് മലപ്പുറത്ത് നിന്ന് യുവതി ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയത്. ഫോട്ടോ എടുക്കാന്‍ എത്തുമെന്നറിയിച്ചയാള്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചു. ഇയാള്‍ സലിംകുമാറിനെ പരിചയപ്പെടുത്തുകയും ഇടച്ചിറയിലെ ലോഡ്ജില്‍ താമസമൊരുക്കുകയും ചെയ്തു. ഒന്നുമുതല്‍ മൂന്നാം തീയതി വരെ മുറിയില്‍ പൂട്ടിയിട്ടായിരുന്നു കൂട്ട ബലാത്സംഗം ചെയ്തത്. ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സലിംകുമാറിനെ തിങ്കാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കളമശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജ് മൂന്ന് മാസംമുമ്പാണ് ക്രിസ്റ്റീന വാടകയ്ക്ക് എടുത്ത് നടത്തിയത്. ലോഡ്ജില്‍ അനാശാസ്യം ഉള്‍പ്പെടെ നടക്കുന്നതായുള്ള ആക്ഷേപങ്ങളെത്തുടര്‍ന്ന് ലോഡ്ജ് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടിരുന്നതായി തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു.  പീഡനത്തിനും തടങ്കലില്‍വച്ചതിനുമാണ് സലിംകുമാറിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ല. പരാതിക്കാരി പല ചോദ്യങ്ങളോടും പ്രതികരിക്കാന്‍ തയ്യാറായില്ല. പല പ്രാവശ്യം ഓഫീസില്‍ നിന്നും ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോയി. രാത്രി പട്രോളിങിലുള്ള പോലീസ് സഹായത്തോടെ കണ്ടെത്തി ഇവരെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നുവെന്നും എസിപി വ്യക്തമാക്കി.

 

 

Latest News