യുവതിയെ വെട്ടിക്കൊന്ന് പായയില്‍ പൊതിഞ്ഞുവെച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലപ്പെട്ട ഉഷ, കസ്റ്റഡിയിലുള്ള അശോകന്‍.

കാസര്‍കോട്- കൊളത്തൂരില്‍ യുവതിയെ വെട്ടിക്കൊന്ന് പായയില്‍ പൊതിഞ്ഞുവെച്ച നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട്  ഭര്‍ത്താവ് പോലീസ് പിടിയിലായി. പെര്‍ലടുക്കം ടൗണിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉഷ (42)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഭര്‍ത്താവ് കൊളത്തൂര്‍ കരക്കയടുക്കത്തെ അശോകന്‍ (48) ആണ് കസ്റ്റഡിയിലുള്ളത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അശോകന്‍ കൂലിതൊഴിലാളിയും പരവനടുക്കം സ്വദേശിനിയായ ഉഷ ബീഡി തൊഴിലാളിയുമാണ്. ഇരുവരും ഒരു വര്‍ഷത്തിലേറെയായി പെര്‍ലടുക്കത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു.
ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം ഉഷയെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്ന ശേഷം അശോകന്‍, മുറി പൂട്ടി സ്ഥലം വിടുകയായിരുന്നു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. സംശയം തോന്നി റെയില്‍വെ പോലീസ് അശോകനെ പിടികൂടി ബേഡകം പോലീസിന് കൈമാറുകയായിരുന്നു. ശബരിമലയില്‍ പോകാന്‍ മാലയിട്ട് വ്രതമെടുത്ത അശോകന്‍ തൊട്ടടുത്ത ഭജനമന്ദിരത്തിലാണ് ശരണം വിളിക്കാന്‍ പോകാറുള്ളത്. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ശരണം വിളിക്കാന്‍ ഭജന മന്ദിരത്തില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അടഞ്ഞ് കിടക്കുന്നത് കണ്ടു. സംശയം തോന്നി നാട്ടുകാരെ അറിയിച്ചു. തുടര്‍ന്നാണ് ഉഷ മരിച്ചുകിടക്കുന്നത് കണ്ടത്. അശോകന്‍ സ്ഥലത്തില്ലെന്നും മനസ്സിലായി. ഉഷയുടെ മൃതദേഹം പായയില്‍ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈ. എസ്.പി സി. കെ സുനില്‍കുമാര്‍, ബേഡകം ഇന്‍സ്പെക്ടര്‍ ദാമോദരന്‍ എന്നിവര്‍  സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അതേ സമയം അശോകന്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് നാട്ടുകാര്‍  പറഞ്ഞു. ഏക മകന്‍ ആദിഷ് വിദേശത്താണ്. സഹോദരങ്ങള്‍: ബാലന്‍ പാലിച്ചിയടുക്കം, പരേതനായ രാഘവന്‍ അരമങ്ങാനം, ബാബു മച്ചിനടുക്കം, ബേബി പള്ളിപ്പുറം, റീന മൈലാട്ടി.

വെട്ടേറ്റ കഴുത്ത് തൂങ്ങിക്കിടന്നു

മാരകമായ വെട്ടേറ്റ ഉഷയുടെ കഴുത്ത് മുറിഞ്ഞു തൂങ്ങിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. അര്‍ദ്ധരാത്രി അതിക്രൂരമായാണ് കൊലപാതകം നടത്തിയത് എന്നാണ് സൂചനകള്‍. യുവതിയുടെ ശരീരത്തില്‍ മുഴുവന്‍ മുറിവുകളും ഉണ്ടായിരുന്നു. ക്വാര്‍ട്ടേഴ്‌സിനുള്ളില്‍  മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണവും കാണാനുണ്ടായിരുന്നു. മുറിയുടെ ചുമരുകളില്‍ രക്തത്തിന്റെ പാടുകളും കണ്ടെത്തി. കൊലനടത്താന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വാക്കത്തിയും ഒരു കത്രികയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. പരിശോധനക്കായി ഇവ ഫോറന്‍സിക് സംഘത്തിന് കൈമാറി. കാസര്‍കോട് നിന്നെത്തിയ പൊലീസ് നായ മുറിക്കുള്ളില്‍ കയറിയ ശേഷം വീടിനുചുറ്റും ഓടി റോഡ് വരെ പോയി നില്‍ക്കുകയായിരുന്നു. ഭാര്യയെ മാരകമായി വെട്ടിക്കൊല്ലാന്‍ മാത്രം എന്ത് പ്രകോപനമാണ് അശോകന് ഉണ്ടായിരുന്നതെന്ന് അന്വേഷിക്കുകയാണ് പോലീസ്. അതേസമയം അസമയത്ത് കൊല നടത്തിയ ശേഷം ഇയാള്‍ക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ എങ്ങനെ എത്താന്‍ കഴിഞ്ഞുവെന്നുതും ദുരുഹമാണ്.

 

Latest News