സൗദിയില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ വര്‍ധിച്ചു

റിയാദ് - സൗദിയില്‍ ചികിത്സയിലുള്ള കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇരുപത്തിനാലു മണിക്കൂറിനിടെ 43 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതോടെയാണിത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ 2,028 കൊറോണ രോഗികളാണ് ചികിത്സയിലുള്ളത്.
കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്നത് ജിദ്ദയിലാണ്. ഇവിടെ 243 പേര്‍ ചികിത്സയില്‍ കഴിയുന്നു. രണ്ടാം സ്ഥാനത്തുള്ള റിയാദില്‍ 114 പേരും മക്കയില്‍ 109 പേരും മദീനയില്‍ 106 പേരും യാമ്പുവില്‍ 67 പേരും ചികിത്സയില്‍ കഴിയുന്നു.
രാജ്യത്ത് പുതുതായി 26 കൊറോണ ബാധിതര്‍ രോഗമുക്തി നേടുകയും ഒരു കൊറോണ രോഗി മരിക്കുകയും ചെയ്തു. 37 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സൗദിയില്‍ ഇതുവരെ 5,49,955 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 5,39,082 പേര്‍ രോഗമുക്തി നേടുകയും 8,845 പേര്‍ മരണപ്പെടുകയും ചെയ്തു. കൊറോണബാധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ 42,931 പേര്‍ക്ക് പി.സി.ആര്‍ പരിശോധനകള്‍ നടത്തി. സൗദിയില്‍ ഇതുവരെ 3,17,41,301 പി.സി.ആര്‍ പരിശോധനകളാണ് നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News