ഇന്ത്യൻ മാർക്കറ്റിൽ അലയടിച്ച പുൾബാക്ക് റാലി ബോംബെ സെൻസെക്‌സിനും നിഫ്റ്റിക്കും തിളക്കം പകർന്നു. സെൻസെക്‌സ് 589 പോയന്റും നിഫ്റ്റി സൂചിക 170 പോയന്റും പ്രതിവാര നേട്ടം സ്വന്തമാക്കി. വിദേശ ഫണ്ടുകൾ നവംബറിലെ പോലെ ഡിസംബറിലും വിൽപനക്കാരായി തുടരുന്നത് നിക്ഷേപകരിൽ ആശങ്ക ഉളവാക്കുന്നു.
ഇന്ന് തുടങ്ങുന്ന ആർ.ബി.ഐ വായ്പാ അവലോകനത്തെ ഓഹരി വിപണി ഉറ്റുനോക്കുന്നു. സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരാൻ പലിശ നിരക്കുകളിൽ ഭേദഗതികൾക്ക് റിസർവ് നീക്കം നടത്തുമോ, അതോ കഴിഞ്ഞ യോഗങ്ങളിലെ പോലെ സ്‌റ്റെഡിയായി തുടരുമോയെന്നതിനെ ആശ്രയിച്ചാവും വാരത്തിന്റെ രണ്ടാം പകുതിയിൽ ഓഹരി സൂചികയുടെ ചാഞ്ചാട്ടം. നിലവിൽ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാണ്.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ നവംബറിലെ പോലെ ഡിസംബറിലും ലാഭമെടുപ്പിന് ഉത്സാഹിച്ചു. കഴിഞ്ഞ വാരത്തിലും അവർ വിൽപനക്കാരായിരുന്നു. മൊത്തം 15,809 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്ക് ശക്തമായ പിൻതുണ നൽകി 16,450 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു.
നിഫ്റ്റി സൂചികയ്ക്ക് കഴിഞ്ഞ വാരം സൂചിപ്പിച്ച പ്രതിരോധമായ 17,553 പോയന്റ് തകർക്കാനുള്ള കരുത്ത് പുൾ ബാക്ക് റാലിയിൽ ലഭ്യമായില്ല. സൂചിക താഴ്ന്ന റേഞ്ചായ 16,972 ൽ നിന്ന് കുതിച്ചത് 17,489 വരെ മാത്രം. ഈ റേഞ്ചിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഓപറേറ്റർമാർ മത്സരിച്ചതും ഊഹക്കച്ചവടക്കാർ ലാഭമെടുപ്പിനു തിടുക്കം കാണിച്ചതും മൂലം വാരാന്ത്യം നിഫ്റ്റി 17,196 ലേയ്ക്ക് താഴ്ന്നു.
ഈ വാരം 17,422 പോയന്റ് വിപണിക്ക് നിർണായകമാണ്. ഈ കടമ്പ ഭേദിച്ചാൽ 17,730 വരെ സഞ്ചരിക്കാനാവും, അതേസമയം ആദ്യ പ്രതിരോധത്തിന് മുന്നിൽ സൂചികയുടെ കാലിടറിയാൽ സാങ്കേതിക തിരുത്തൽ 16,94-916,702 ലേയ്ക്കും മാസമധ്യം 16,185 പോയന്റിലേയ്ക്കും നീളാമെന്നതിനാൽ നിക്ഷേപകർ കരുതലോടെയാണ് നീങ്ങുക. ബെഞ്ച് മാർക്ക് സൂചികകൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽനിന്ന് ഇതിനകം ഏഴ് ശതമാനം ഇടിഞ്ഞു. സാധാരണ ഇത്തരം തിരുത്തലുകൾ 15 ശതമാനം വരെ നീളാറുണ്ട്. സെൻസെക്‌സ് പോയ വാരത്തിലെ 57,107 പോയന്റിൽ നിന്നുള്ള മുന്നേറ്റത്തിൽ 58,757 വരെ ഉയർന്നു. മുൻ വാരം സൂചിപ്പിച്ച 58,880 ലെ തടസ്സം ഈ റാലിയിൽ മറികടക്കാൻ ഇട നൽകാതെ വിദേശ ഫണ്ടുകൾ കനത്ത വിൽനപനയ്ക്ക് മത്സരിച്ചതിനാൽ വാരാന്ത്യം സെൻസെക്‌സ് 57,696 ലേയ്ക്ക് ഇടിഞ്ഞു. ഈ വാരം 58,625 ൽ ആദ്യ പ്രതിരോധവും 56,898 ൽ താങ്ങുമുണ്ട്. ഈ ടാർഗറ്റിൽ നിന്ന് പുറത്തു കടന്നാൽ വിപണി പുതിയ ദിശയിലേയ്ക്ക് നീങ്ങും. അതായത് 56,100-59,554 ലേയ്ക്ക്.
മുൻനിര രണ്ടാംനിര ഓഹരികളായ റ്റി.സി.എസ്, വിപ്രോ, എച്ച്.സി.എൽ, ഇൻഫോസീസ്, ടാറ്റാ മോട്ടേഴ്‌സ്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.ഒ.സി, ബി.പി.സി.എൽ, ഹിൻഡാൽകോ, മാരുതി, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയവ നിക്ഷേപ താൽപര്യത്തിൽ മുന്നേറിയപ്പോൾ ഫണ്ടുകളുടെ വിൽപന മൂലം സൺ ഫാർമ്മ, ഡോ. റെഡീസ്, സിപ്ല, എയർടെൽ, എം ആന്റ് എം, ഐ.റ്റി.സി, ബജാജ് ഓട്ടോ തുടങ്ങിയവക്ക് തിരിച്ചടി നേരിട്ടു.
വിദേശ ഫണ്ടുകൾ ഡോളറിൽ പിടിമുറുക്കിയതോടെ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. രൂപയുടെ മൂല്യം 74.87 ൽ നിന്ന് 75.11 ലേയ്ക്ക് ഇടിഞ്ഞു.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില രണ്ടര ശതമാനമാണ് ഇടിഞ്ഞത്. ക്രൂഡ് ബാരലിന് 76 ഡോളറിൽ നിന്ന് 67 ലേയ്ക്ക് താഴ്ന്ന ശേഷം ക്ലോസിങിൽ 70 ഡോളറിലാണ്. ഒക്ടോബറിൽ രേഖപ്പെടുത്തിയ മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന റേഞ്ചിൽ നിന്ന് എണ്ണ വില ഇതിനകം 20 ശതമാനം ഇടിഞ്ഞു.
ന്യൂയോർക്കിൽ സ്വർണം 1791 ഡോളറിൽ നിന്ന് 1782 ലേക്ക് താഴ്ന്നു. പ്രതിദിന ചാർട്ടിൽ സ്വർണം സെല്ലിങ് മൂഡിൽ നീങ്ങുന്നതിനാൽ 1750-1700 ഡോളർ റേഞ്ചിലേയ്ക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് ഇടയുണ്ട്.