ദക്ഷിണാഫ്രിക്കയിൽ അറസ്റ്റ് വാറന്റുള്ള ഗുപ്ത സഹോദരന്മാർക്ക് ഉത്തരാഖണ്ഡ് വക കനത്ത സുരക്ഷ

ഡെറാഡൂൺ - അഴിമതി ആരോപണങ്ങളെ തുടർന്ന് വെള്ളിയാഴ്ച രാജിവച്ച ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള ഗുപ്ത സഹോദരന്മാർക്ക് ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ ഇസെഡ് കാറ്റഗറി സുരക്ഷ നൽകി. അജയ്, രാജേഷ്, അതുൽ എന്നീ വിവാദ വ്യവസായികളായ സഹോദരന്മാർക്കാണ് ബി.ജെ.പി സർക്കാർ അതീവ സുരക്ഷ ഒരുക്കിയത്. ഇവരിൽ അജയിനെതിരെ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റ് വാറന്റുണ്ട്. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്നും 1993ൽ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ ഗുപ്ത കുടുംബത്തിന് ഡെറാഡൂണിൽ സ്വന്തമായി ഭൂമിയും കൊട്ടാരസമാനമായ വീടും ഉണ്ട്. മുൻ കോൺഗ്രസ് സർക്കാർ ഇവർക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയിരുന്നു. ഇതാണിപ്പോൾ ഇസെഡ് കാറ്റഗറിയാക്കി ഉയർത്തിയത്. 

നേരത്തെ വൈ കാറ്റഗറിയുണ്ടായിരുന്ന ഇവരുടെ സുരക്ഷ കഴിഞ്ഞ ജുണിലാണ് ഇസെഡ് കാറ്റഗറിയാക്കി ഉയർത്തിയത്. ഈ സുരക്ഷ ഒരുക്കുന്നതിന് ഗുപ്ത സഹോദരൻമാർ സർക്കാരിന് പണം നൽകുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് ബർധൻ പറഞ്ഞു. മൂന്ന് സഹോദരന്മാരിൽ അജയിനു അതുലിനുമാണ് ഈ അതീവ സുരക്ഷ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലു ഹൗസ് ഗാർഡുകൾ, രണ്ട് പേഴ്‌സണൽ സെക്യുരിറ്റി ഓഫീസർമാർ എന്നിവരുടെ സുരക്ഷ ഇവർക്കു ലഭിക്കും. ഇതിന് ഗുപ്ത സഹോദരൻമാരിൽ നിന്ന് എത്ര പണമാണ് ഈടാക്കുന്നതെന്ന് പോലീസ് വെളിപ്പെടുത്തിയില്ല. ഇവർക്ക് സുരക്ഷ ഒരുക്കുന്ന കാലയളവിൽ ഈ ആറ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശമ്പളത്തിൽ കുറയാത്ത തുകയായിരിക്കണം ഫീസായി നൽകേണ്ടത് എന്നു മാത്രമാണ് പോലീസിന്റെ മറുപടി.

ഗുപ്ത സഹോദരന്മാർ ഡെറാഡൂണിലെ വീട്ടിലില്ലാത്ത സമയത്ത് സർക്കാർ ഈ സുരക്ഷാ സംവിധാനങ്ങൾ നൽകുന്നില്ല. ഉത്തരാഖണ്ഡിൽ അവർക്ക് സുരക്ഷ ആവശ്യമുള്ള സമയങ്ങളിലെല്ലാം അവർ പോലീസിനെ വിവരമറിയിക്കും. ഏതാനും വർഷങ്ങളായി ഇവർക്ക് സർക്കാർ സുരക്ഷ നൽകി വരുന്നുണ്ടെന്നും എന്നാൽ ദക്ഷിണാഫ്രിക്കയിൽ ഇവർക്കെതിരായ കേസുകളെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. 

വെള്ളിയാഴ്ച ജേക്കബ് സുമ രാജിവയ്ക്കുമ്പോൾ ഗുപ്ത സഹോദരന്മാർ ഡെറാഡൂണിലുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. സുമയുമായുള്ള സൗഹൃദം മുതലെടുത്ത് ഇവർ ദക്ഷിണാഫ്രിക്കയിൽ സ്വത്തുകൾ വാരിക്കൂട്ടിയെന്നാണ് അവിടുത്തെ ആരോപണം. അന്വേഷണങ്ങളുടെ ഭാഗമായി ഇവരുടെ ഓഫീസുകൾ അധികൃതർ റെയ്ഡ് ചെയ്തിരുന്നു. എന്നാൽ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഗുപത് സഹോദരന്മാരുടെ വാദം. പൊതുമേഖലാ ബാങ്കായ ബറോഡ ബാങ്കിനെതിരേയും ഗുപ്തമാരുടെ ഇടപാടുകളുടെ പേരിൽ ആരോപണമുയർന്നിരുന്നു.

Latest News