Sorry, you need to enable JavaScript to visit this website.

നോർക്ക:  പ്രവാസ ഭൂമികയിൽ കാൽ നൂറ്റാണ്ട്

ഇന്ത്യയിൽ ആദ്യമായി പ്രവാസികൾക്കു വേണ്ടി പ്രത്യേക വകുപ്പ് രൂപീകൃതമായത് കേരളത്തിലാണ്. 1996 ൽ രൂപീകൃതമായ നോർക്ക രജതജൂബിലി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സിന്റെ പുതിയ റസിഡന്റ് വൈസ് ചെയർമാനായി ചുമതലയേറ്റ പി. ശ്രീരാമകൃഷ്ണന്റെ ലേഖനത്തിന്റെ ആദ്യ ഭാഗം


നോർക്ക രൂപീകൃതമായിട്ട് 2021 ഡിസംബർ ആറിന് 25 വർഷം പൂർത്തിയാവുകയാണ്. പ്രവാസ പരിപാലനത്തിന്റെ സാർഥകമായ കാൽ നൂറ്റാണ്ട് പിന്നിടുന്ന ഈ അവസരത്തിൽ കേരളവും പ്രവാസ സമൂഹവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. പത്തേമാരികളിൽ കടലുകൾ താണ്ടി  മരുക്കാടുകളും അപരിചിതമായ ഭൂപ്രദേശങ്ങളും കടന്ന്  ലോകമെമ്പാടും വ്യാപിച്ച മുൻകാല പ്രവാസി തലമുറകളെ ഈ അവസരത്തിൽ നമുക്ക് കൃതജ്ഞതയോടെ ഓർക്കാം.

ഇന്ന് മലയാളി ആഗോള തൊഴിൽ കുടിയേറ്റ ഭൂപടത്തിൽ ഗുണമേൻമയും വിശ്വാസ്യതയുമുള്ള സമൂഹമായി ബ്രാൻഡ് ചെയ്യപ്പെട്ടിട്ടുള്ളതിന്റെ കാരണക്കാർ, അതിജീവനാർഥം ഇറങ്ങിപ്പുറപ്പെട്ട സാഹസികരായ ആ മുൻഗാമികളാണ്. ചെന്നെത്തുന്ന രാജ്യങ്ങളെ കുറിച്ചോ തൊഴിൽ സാഹചര്യങ്ങളെ കുറിച്ചോ കൃത്യമായ രൂപമില്ലാതെ ഭാഗ്യപരീക്ഷണാർഥം യാത്രയാരംഭിച്ച അവരുടെ കൈമുതൽ നിശ്ചയദാർഢ്യവും തോൽക്കാൻ തയാറല്ലാത്ത മനസ്സുമായിരുന്നു.

വിപുലമാവുന്ന തൊഴിലിടങ്ങൾ

ഇന്ന് പ്രവാസത്തിന്റെ അലകും പിടിയും മാറ്റിപ്പണിയാൻ നമുക്ക് സാധിച്ചിരിക്കുന്നു. യൂറോപ്പിലെ മികച്ച തൊഴിൽ കുടിയേറ്റ കേന്ദ്രങ്ങളിലൊന്നും ലോകത്തിലെ ഏറ്റവും ശക്തമായ വ്യാവസായികവത്കൃത രാജ്യവുമായ  ജർമനിയിയുമായി ഇന്ത്യയിലെ ആദ്യത്തെ സർക്കാർതല റിക്രൂട്ട്‌മെന്റിന് കേരള സർക്കാരിന് വേണ്ടി കരാർ ഒപ്പിട്ടതിന്റെ നിറവിലാണിപ്പോൾ നോർക്ക റൂട്ട്‌സ്. ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയെ പ്രതിനിധീകരിച്ച് കരാർ ഒപ്പുവെയ്ക്കാനെത്തിയ കോൺസൽ ജനറൽ അച്ചിംബുക്കാർട്ട് ചരിത്ര നിമിഷം എന്നാണ് അതിനെ വിശേഷിപ്പിച്ചത്. വൈദഗ്ധ്യത്തിലും അർപ്പണ ബോധത്തിലും ഏറെ മുന്നിൽ നിൽക്കുന്ന മലയാളി നഴ്‌സുമാർക്ക് തന്റെ രാജ്യത്ത് വിപുലമായ സാധ്യതകളുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ആരോഗ്യ മേഖലയിൽ ഏറ്റവും വൈദഗ്ധ്യമാർന്ന മാനവവിഭവ ശേഷിയായും അദ്ദേഹം മലയാളികളെ വിശേഷിപ്പിച്ചു. ജർമനയിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും ഹോസ്പിറ്റാലിറ്റി മേഖലകളിലടക്കം വരുംനാളുകളിൽ പ്രതീക്ഷിക്കപ്പെടുന്ന വിപുലമായ സാധ്യതകളുടെ ആദ്യ പടിയാണ് ഈ പദ്ധതിയിലെ നോർക്ക പങ്കാളിത്തം.  

പ്രവാസി പരിപാലനത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടത്തെ  നമ്മുടെ പ്രയാണം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്ന ഒടുവിലത്തെ ഉദാഹരണമാണ് ട്രിപ്പിൾ വിൻ. നോർക്കയ്ക്ക് രൂപം നൽകുമ്പോൾ ഉണ്ടായിരുന്ന പല സങ്കൽപങ്ങളും ഇന്ന് യാഥാർഥ്യമായിരിക്കുന്നു. പ്രത്യേകിച്ചും കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വിപ്ലവകരമായ നിരവധി ചുവടുവെപ്പുകൾ ഈ മേഖലയിലുണ്ടായി. മലയാളി എവിടെയുണ്ടോ, കേരളം അവിടെയുണ്ട് എന്ന സങ്കൽപത്തിൽ ആരംഭിച്ച ലോക കേരള സഭ ഉൾപ്പെടെയുള്ള നവീന ജനാധിപത്യ ക്രമങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്.


എന്നും പ്രവാസികൾക്കൊപ്പം

കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേകത പൊതുവെ മധ്യേഷ്യയിലാണ് കൂടുതൽ ആളുകൾ ഉള്ളത് എന്നതാണ്. മധ്യേഷ്യയിലെ പ്രവാസികളിൽ ബഹുഭൂരിപക്ഷവും അവിടെ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നില്ല. മനസ്സ് കേരളത്തിൽ അവശേഷിപ്പിച്ചുകൊണ്ടാണ് അവർ പുറത്തു പോവുന്നത്. പ്രവാസത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് ശിഖരം വീശുമ്പോഴും അവരുടെ വേരുകൾ സ്വന്തം മണ്ണിന്റെ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങുന്നു. 2002 ൽ നോർക്കയുടെ ഫീൽഡ് ഏജൻസിയായി രൂപീകരിച്ച നോർക്ക റൂട്ട്സിന്റെ നാമം തന്നെ ആ ആശയത്തെയാണ് ദ്യോതിപ്പിക്കുന്നത്.
തിരിച്ചുവരാനായി യാത്ര പുറപ്പെടുന്ന പ്രവാസിക്കു വേണ്ടി രൂപീകൃതമായ നോർക്കയ്ക്ക് മൂന്നു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങൾ സ്വാഭാവികമായും ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു- വിജയകരവും സുരക്ഷിതവുമായ പ്രവാസത്തിന് യാത്രികനെ/യാത്രികയെ സജ്ജമാക്കുക, ചെന്നെത്തുന്ന നാട്ടിൽ നേരിടാനിടയുള്ള പ്രതിസന്ധികളിൽ ഒപ്പമുണ്ടാവുക, തിരിച്ചെത്തുന്നവർക്ക് പുനരധിവാസം ഒരുക്കുക. ഇവ മൂന്നും പരസ്പരബന്ധിതമായ പ്രക്രിയയുടെ ഭാഗമെന്നതിനാൽ തന്നെ മൂന്നിനും ഏതാണ്ട് തുല്യപരിഗണന തന്നെ നൽകുകയും ചെയ്തു. പ്രവാസത്തിനു മുമ്പും പ്രവാസത്തിനൊപ്പവും പ്രവാസത്തിനു ശേഷവും എന്നു വ്യക്തമാക്കിക്കൊണ്ട്  എന്നും പ്രവാസികൾക്കൊപ്പമെന്ന മുദ്രാവാക്യമാണ് നോർക്ക റൂട്ട്സ് സ്വീകരിച്ചിട്ടുള്ളത്.


മഹാമാരിയെ മറികടന്ന കരുതൽ

മനുഷ്യ രാശിയുടെ തന്നെ എല്ലാ മുൻഗണനാക്രമങ്ങളും തകിടം മറിച്ചുകൊണ്ടെത്തിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരിച്ചെത്തുന്നവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അടിയന്തര പ്രാധാന്യം ഇപ്പോൾ സർക്കാർ നൽകിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ തിരിച്ചെത്തുന്നവർക്കായി സർക്കാർ ആവഷ്‌കരിച്ച പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികൾ വലിയ പ്രതികരണമാണ് ഇതിനകം നേടിയെടുത്തത്. കുടുംബശ്രീ വഴി നടപ്പാക്കുന്ന പ്രവാസി ഭദ്രത പേൾ പദ്ധതിയിൽ രണ്ടു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ സൂക്ഷ്മ സംരംഭകർക്കായി ലഭ്യമാക്കുമ്പോൾ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾ കെ.എസ്.എഫ്.ഇയും കേരള ബാങ്കും വഴി നൽകുന്നു.

തിരിച്ചെത്തിയ ശേഷം സ്വയംസംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനമുണ്ടാക്കാൻ ശ്രമിക്കുന്ന പ്രവാസികളെ പിന്തുണയ്ക്കാൻ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.എം) പദ്ധതി നേരത്തേ നിലവിലുണ്ട്. 30 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങൾക്ക് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം) മൂന്നു ശതമാനം പലിശ സബ്സിഡിയും ഈ പദ്ധതി വഴി അനുവദിക്കുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെ 450 ഓളം സംരംഭങ്ങൾക്ക് സഹായം ലഭ്യമാക്കി. എട്ടു കോടിയോളം രൂപ വിതരണം ചെയ്തു.

പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരികെയെത്തി ദുരിതമനുഭവിക്കുന്ന കേരളീയർക്കായുളള ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിൽ കോവിഡ് കാലത്ത് സഹായധനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി.   2020-21 സാമ്പത്തിക വർഷത്തിൽ 27 കോടി രൂപയും അതിനു ശേഷം ഇതുവരെ 12.16  കോടി രൂപയും ഉൾപ്പെടെ ആകെ 39.16 കോടി രൂപയാണ് ഈ  പദ്ധതി വഴി വിതരണം ചെയ്തത്. ഇക്കാലയളവിലെ ഗുണഭോക്താക്കളുടെ എണ്ണം 6359 വരും. കോവിഡും ലോക്ഡൗണും ഏറെ പ്രതികൂലമായി ബാധിച്ചത് പ്രവാസികളെയാണെന്നതിനാൽ  2016-17 വർഷത്തിൽ 2200 ഗുണഭോക്താക്കൾക്കായി 12.70 കോടി രൂപയാണ് ആകെ ചെലവഴിച്ചതെങ്കിൽ 2019-2020 വർഷത്തിൽ ഗുണഭോക്താക്കളുടെ എണ്ണം 4102 ആയും  ചെലവഴിച്ച തുക 24.25 കോടി രൂപയായും വർധിച്ചു.
( തുടരും) 

Latest News