ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധനം  ഇന്ത്യയില്‍; 21,000 കോടി രൂപ നഷ്ടം

ന്യൂദല്‍ഹി- 2012 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെയുള്ള സമയത്തു രാജ്യത്തെ പല ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തതു 518 ഇന്റര്‍നെറ്റ് നിരോധനസംഭവങ്ങളാണ്; ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധനം കാരണം രാജ്യത്തു 2020ല്‍ 2.8 ബില്യന്‍ ഡോളര്‍ (ഏകദേശം 21,000 കോടി രൂപ) നഷ്ടമുണ്ടായെന്നാണു കണക്ക്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ ഐടി പാര്‍ലമെന്ററി സ്ഥിരം സമിതി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങളാണിത്. ബിഹാറില്‍ 2018 ഓഗസ്റ്റ് മുതല്‍ 2020 ഓഗസ്റ്റ് വരെയുള്ള സമയത്ത് 6 ഇന്റര്‍നെറ്റ് നിരോധനമുണ്ടായി. ജമ്മു കശ്മീരില്‍ 93 സംഭവങ്ങള്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തുവെന്നാണു വിവരങ്ങള്‍. തലസ്ഥാന നഗരമായ ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധത്തിനു നിര്‍ദേശം നല്‍കിയിരുന്നില്ലെങ്കിലും 2019 ഡിസംബറില്‍ 2 തവണയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്റര്‍നെറ്റ് നിരോധിച്ച് നിര്‍ദേശം നല്‍കിയത്. കാര്യമിതൊക്കെയാണെങ്കിലും ഇന്റര്‍നെറ്റ് നിരോധനം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഒരു കേന്ദ്ര ഏജന്‍സിയുടെ കൈവശവുമില്ല. ടെലികോം, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കൊന്നും ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങളില്ലെന്നും സംസ്ഥാനങ്ങളും ജില്ലാ ഭരണകൂടവുമെല്ലാം ഇക്കാര്യത്തില്‍ അവസരോചിതമായ തീരുമാനങ്ങളെടുക്കുകയുമാണെന്നാണു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
ടെലികോം കമ്പനികള്‍ക്ക് ഒരു സര്‍ക്കിളില്‍ മണിക്കൂറില്‍ 2.45 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണു സെല്ലുല്ലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക്. ഇന്റര്‍നെറ്റ് അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കുണ്ടായ നഷ്ടം വേറെ. ഇന്റര്‍നെറ്റ് നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണു സുപ്രീം കോടതി വിധി. അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളുടെ സുരക്ഷയെ കരുതിയാണു ഇന്റര്‍നെറ്റ് നിരോധിക്കുന്നതെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ ഇന്റര്‍നെറ്റിനു മുന്‍പും അതിനു ശേഷവുമുള്ള കലാപങ്ങളെ താരതമ്യം ചെയ്യാനും ഇന്റര്‍നെറ്റ് ഏതൊക്കെ തരത്തില്‍ കലാപങ്ങള്‍ക്കു കാരണമായെന്നു പഠനം നടത്താനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശ്രമിച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ പല ഭാഗത്തും തുടര്‍ച്ചയായി ഇന്റര്‍നെറ്റ്, ടെലികോം സേവനങ്ങള്‍ വിലക്കുന്നതു ജനജീവിതത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതും ഈ പശ്ചാത്തലത്തിലാണ്. 'ഇന്റര്‍നെറ്റ് വിലക്ക് എത്രത്തോളം പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്താന്‍ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിശദമായ പഠനം ആവശ്യമാണ്. സാമ്പത്തിക നഷ്ടം മാത്രമല്ല, പൊതുജനങ്ങളുടെ സുരക്ഷയെയും ഇതു ബാധിക്കുന്നുണ്ട്' റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Latest News