യുപിയില്‍ സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികളെ പോലീസ് അടിച്ചോടിച്ചു; വിഡിയോ ട്വീറ്റ് ചെയ്ത് വരുണ്‍ വീണ്ടും ബിജെപിയെ വെട്ടിലാക്കി

ലഖ്‌നൗ- യുപിയില്‍ തൊഴില്‍ തേടി സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികളെ പോലീസ് അടിച്ചോടിച്ചു. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഞായറാഴ്ച രാത്രി മെഴുകുതിരി കത്തിച്ച് നടത്തിയ മാര്‍ച്ചിനെ പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. 69000 അസിസ്റ്റന്റ് ടീച്ചര്‍ ഒഴിവിലേക്ക് സര്‍ക്കാര്‍ 2019ല്‍ നടത്തിയ റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുകളെ ചൊല്ലി ഏറെ നാളായി ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച രാത്രി ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. 

സമരക്കാരെ പോലീസ് അടിച്ചോടിച്ചതിനെതിരെ ബിജെപി എംപി വരുണ്‍ ഗാന്ധി രംഗത്തു വന്നത് ബിജെപിക്ക് വീണ്ടും തലവേദനയായി. ഒഴിവുകളും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളും ഉണ്ടെങ്കില്‍ പിന്നെ എന്തു കൊണ്ടാണ് സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് നടത്താതെന്ന് വരുണ്‍ ചോദിച്ചു. പോലീസുകാര്‍ സമരം ചെയ്യുന്ന ഉദ്യോഗസ്ഥരെ അടിച്ചോടിക്കുന്ന വിഡിയോയും വരുണ്‍ ട്വീറ്റ് ചെയ്തു. പ്രതിഷേധിക്കുന്നവരും ഇന്ത്യക്കാരാണെന്നും ആരും അവരുടെ പ്രയാസങ്ങള്‍ കേള്‍ക്കാന്‍ തയാറാകുന്നില്ലെന്നും വരുണ്‍ പറഞ്ഞു. പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളുടെ മക്കളുണ്ടായിരുന്നെങ്കില്‍ ഇതുപോലെ ചെയ്യുമോ എന്നും പോലീസിനോട് വരുണ്‍ ചോദിച്ചു. 

ഈയിടെയായി ബിജെപി നിലപാടുകള്‍ക്ക് വ്യത്യസ്തമായ നിലപാട് സ്വീകരിച്ച് വരുണ്‍ പാര്‍ട്ടിയെ വെട്ടിലാക്കിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത് കര്‍ഷകര്‍ക്കു നേരെ കേന്ദ്ര മന്ത്രിയുടെ വാഹനം ഇടിച്ചു കയറ്റി കൂട്ടക്കൊല നടത്തിയ സംഭവത്തിലും ബിജെപി സര്‍ക്കാരിനെതിരെ പ്രതികരണവുമായി വരുണ്‍ രംഗത്തു വന്നിരുന്നു. ഏറ്റവുമൊടുവില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ കൊല്ലപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വരുണ്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

Latest News