ന്യൂയോർക്ക് - ഐ ഫോൺ, ഐ പാഡ്, മാക് കംപ്യൂട്ടറുകൾ തുടങ്ങി ഐ.ഒ.എസ് 11.2.5 വേർഷനിലുള്ള ആപ്പിൾ ഉപകരണങ്ങളെ തകർക്കുന്ന പുതിയ വൈറസ് വിവിധ രാജ്യങ്ങളിൽ പടരുന്നു. തെലുഗു ഭാഷയിലുള്ള ഏതാനും അക്ഷരങ്ങളാണ് ഈ വൈറസ്. ഇതു മെസേജ് ആയാണ് ലഭിക്കുക. ഈ മെസേജ് തുറന്നാൽ ഈ വൈറസ് ആക്ടീവ് ആകുകയും ഐ മെസേജ്, വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, ഔട്ട്‌ലുക്ക്, ജിമെയിൽ എന്നീ ആപ്പുകൾ തുറക്കാനാവാത്ത വിധം പൂട്ടുകയും ചെയ്യും. ഈ മെസേജ് ലഭിച്ചാൽ ഒരിക്കലും തുറക്കാൻ ശ്രമിക്കരുത്. ഇത് ഹോംസ്‌ക്രീനിനെ നിയന്ത്രിക്കുന്ന ഐഒഎസ് സ്പ്രിംഗ്‌ബോർഡിനെ തകർക്കും.
ഗുസിപ്പി ട്രിപോഡി എന്ന ഇറ്റാലിയൻ ടെക്ക് ബ്ലോഗറാണ് ഈ വൈറസിനെ കുറിച്ചുള്ള വിവരം ആദ്യം പുറത്തു വിട്ടത്. തുടർന്ന് പലയിടത്തു നിന്നും ഈ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. വെറും ഒരു ടെക്സ്റ്റായാണ് ഈ ബഗ് നമ്മുടെ ആപ്പിൾ ഡിവൈസുകളിലെത്തുക. ഇത് ആപ്പുകളെ മരവിപ്പിക്കുകയും ഓപറേറ്റിങ് സിസ്റ്റത്തെ തകർക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ഏതെങ്കിലും ആപ്പിലാണ് ഈ മെസേജ് ലഭിക്കുന്നതെങ്കിൽ ആ ആപ്പ് പിന്നീട് പ്രവർത്തിക്കില്ല. നോട്ടിഫിക്കേഷനായി കാണിക്കുന്നുണ്ടെങ്കിൽ സ്പ്രിങ്‌ബോർഡ് ബ്ലോക്ക് ആകുകയും ചെയ്യും.
ഇത്തരമൊരു മെസേജോ നോട്ടിഫിക്കേഷനോ ലഭിച്ചാൽ അത് തുറക്കാതെ ഡിലീറ്റ് ചെയ്യുക എന്നതു മാത്രമാണ് അപകടം തടയാനുള്ള പോംവഴി. ഐഒസ് 11.3 വേർഷനിൽ ഇതിനൊരു പരിഹാരം ഉണ്ടാകും. പക്ഷേ ഈ വേർഷൻ അടുത്ത മാസങ്ങളിലായി വരാനിരിക്കുന്നതെ ഉള്ളൂ.