യാത്രാ നിയന്ത്രണം വൈകിപ്പോയി, ബ്രിട്ടനെ കുറ്റപ്പെടുത്തി ആരോഗ്യ വിദഗ്ധന്‍

ലണ്ടന്‍- ഒമിക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ബ്രിട്ടന്‍ വൈകിപ്പോയെന്ന് കുറ്റപ്പെടുത്തല്‍. യു.കെയിലെ ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ കാര്യമായ വ്യത്യാസം വരുത്തുന്നതിന് പുതിയ നിയമങ്ങള്‍ സഹായകമാവില്ലെന്ന് സര്‍ക്കാരിന്റെ ആരോഗ്യ ഉപദേഷ്ടാവ് പ്രൊഫസര്‍ മാര്‍ക്ക് വൂള്‍ഹൗസ് പറഞ്ഞു.

യു.കെയില്‍ എത്തുന്ന ആളുകള്‍ യാത്ര പുറപ്പെടുംമുമ്പ് കോവിഡ് പരിശോധന നടത്തണമെന്നതാണ് പുതിയ മാറ്റങ്ങളില്‍ പ്രധാനം. കൂടാതെ, നൈജീരിയയിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തു.

യാത്രയുമായി ബന്ധപ്പെട്ട ഒമിക്രോണ്‍ കേസുകളുടെ വര്‍ധനവാണ് മാറ്റങ്ങള്‍ക്ക് കാരണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 12 വയസും അതില്‍ കൂടുതലുമുള്ള എല്ലാവരും യാത്ര പുറപ്പെടുന്നതിന് മുമ്പ് പരമാവധി 48 മണിക്കൂറിനകം ടെസ്റ്റ് നടത്തേണ്ടതുണ്ട്. ഇത് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരുന്നു.

മാറ്റങ്ങള്‍ പ്രകാരം, യാത്രക്കാര്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത പി.സി.ആര്‍ നെഗറ്റീവ് അല്ലെങ്കില്‍ ലാറ്ററല്‍ ഫ്േളാ ടെസ്റ്റിന്റെ തെളിവ് കാണിക്കേണ്ടതുണ്ട്. നടപടികള്‍ താല്‍ക്കാലികമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

 

Latest News