കൊച്ചിയിലെത്തിയ റഷ്യന്‍ പൗരന് കോവിഡ്, പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി

നെടുമ്പാശ്ശേരി-ഇംഗ്ലണ്ടില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചു . ഇദ്ദേഹത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്നലെ പുലര്‍ച്ചെ 5.25 ന് എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന 25 വയസ്സായ യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യമാണ് റഷ്യ. ഇത് കണക്കിലെടുത്താണ് അമ്പലമുകളിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കോവിഡിന്റെ ഏത് ജനിതക വകഭേദമാണ് പിടിപെട്ടിട്ടുള്ളതെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി  സാംപിള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാര്‍ക്കുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയാലും ഏഴ് ദിവത്തെ ക്വാറന്റീന്‍ നിര്‍ബന്ധമായും പാലിക്കണം. ക്വാറന്റീന് ശേഷം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആയാലും ഒരാഴ്ച്ച കൂടി നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം.

 

Latest News