കുടിയേറ്റക്കാരെ യൂറോപ്പ് കൈകാര്യം ചെയ്യുന്നത് മോശമായ രീതിയിലെന്ന് മാര്‍പ്പാപ്പ

റോം- യൂറോപ്പ് കുടിയേറ്റക്കാരോട് പെരുമാറുന്ന രീതിയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അപലപിച്ചു. ഇടുങ്ങിയ സ്വാര്‍ഥതാല്‍പ്പര്യവും ദേശീയതയുമാണ് യൂറോപ്പ് പുലര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍, ഡസന്‍കണക്കിന് കുടിയേറ്റക്കാരോട് സംസാരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, അവരെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്ന് പറഞ്ഞു.

കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവരെ ശിക്ഷിക്കുന്നതിനുപകരം 'മറന്നുപോയ യുദ്ധങ്ങള്‍' പോലെയുള്ള കുടിയേറ്റത്തിന്റെ കാരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.

ആളുകളെ തടയാന്‍ മതിലുകള്‍ പണിയുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.

'യൂറോപ്പില്‍ ഈ പ്രശ്നത്തെ തങ്ങളെ ബാധിക്കാത്ത വിഷയമായി പരിഗണിക്കുന്നതില്‍ തുടരുന്നവരുണ്ട് - ഇത് ദുരന്തമാണ്,- അദ്ദേഹം പറഞ്ഞു.

'സങ്കുചിതമായ സ്വാര്‍ത്ഥതാത്പര്യങ്ങളും ദേശീയതയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നതായി പോപ്പ് ഓര്‍മിപ്പിച്ചു.

കൊറോണ മഹാമാരി പോലെയുള്ള വലിയ വെല്ലുവിളികളെ ഒരുമിച്ച് നേരിടേണ്ടതുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ ഇത് സംഭവിക്കുന്നതിന്റെ ചില സൂചനകള്‍ ഉണ്ടെന്നും എന്നാല്‍ കുടിയേറ്റത്തോടുള്ള  സമീപനത്തില്‍ അത്തരം സൂചനകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News