Sorry, you need to enable JavaScript to visit this website.

അല്‍റൈന്‍ വാഹനാപകടം: മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ നാട്ടില്‍ ഖബറടക്കും

റിയാദ്- ബീഷയിലെ അല്‍റൈനില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ചംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് ഖബറടക്കും. അല്‍റൈനിലെ ആശുപത്രിയില്‍ നിന്നും ട്രാഫിക് വിഭാഗത്തില്‍ നിന്നും രേഖകള്‍ ശരിയാക്കി അടുത്ത ദിവസം തന്നെ റിയാദ് ശുമൈസി ഹോസ്പിറ്റലിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. രണ്ട് ദിവസത്തിനകം നാട്ടിലേക്ക് കൊണ്ടുപോകാനാവുമെന്നാണ് പ്രതീക്ഷ.
ജാബിറിന്റെ സഹോദരനായ അന്‍വര്‍ ജാബിറും റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും അല്‍റൈന്‍ ആശുപത്രിയിലെത്തി മൃതദേഹങ്ങള്‍ കണ്ടതിന് ശേഷമാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുളള തീരുമാനമെടുത്തത്. തുടര്‍ന്ന് നാട്ടില്‍ നിന്ന് ബന്ധുക്കള്‍ രേഖകള്‍ അയച്ചുനല്‍കി.
ജുബൈലിലെ അബ്ദുല്ലത്തീഫ് അല്‍ജമീല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ബേപ്പൂര്‍ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍(44), ഭാര്യ ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി (12) വെള്ളിയാഴ്ച ബിഷ അല്‍റൈന്‍ റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഒറ്റവരി റോഡില്‍ സൗദി പൗരന്‍ ഓടിച്ചിരുന്ന ജിഎംസി ഇവരുടെ കാറിനിടിച്ചായിരുന്നു അപകടം. അപകടത്തില്‍ സൗദി പൗരനും മരിച്ചു.
കമ്പനിയുടെ ജിസാന്‍ ബ്രാഞ്ചില്‍ ജോലിക്ക് ചേരുന്നതിന് ജുബൈലില്‍ നിന്ന് കുടുംബ സമേതം വെള്ളിയാഴ്ച കുടുംബസമേതം പുറപ്പെട്ടതായിരുന്നു ജാബിര്‍.
ജാബിര്‍ കമ്പനി ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തലാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. സന്ദര്‍ശക വിസയില്‍ ഒന്നരമാസം മുമ്പാണ് ജാബിറിന്റെ ഭാര്യയും മക്കളും എത്തിയത്.

 

Latest News