കൊച്ചിയിലെ ഫ് ളാറ്റില്‍ വന്‍ ചൂതാട്ട കേന്ദ്രം സൈജു തങ്കച്ചന് പങ്ക്, ഒരാള്‍ അറസ്റ്റില്‍

കൊച്ചി-മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിന്റെ അന്വേഷണത്തില്‍ കൊച്ചിയിലെ ഫ്ളാറ്റില്‍ വന്‍കിട ചൂതാട്ട കേന്ദ്രം കണ്ടെത്തി.

ലക്ഷങ്ങള്‍ വെച്ച് വിദേശ രാജ്യങ്ങളില്‍ നടത്തുന്ന ചൂതാട്ട കേന്ദ്രത്തിന് സമാനമായാണ് ചിലവന്നൂരിലെ ഹീര വാട്ടേഴ്സ് ഫ്ളാറ്റില്‍ സംവിധാനങ്ങളൊരുക്കിയിരുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ചൂതാട്ട കേന്ദ്രം കണ്ടെത്തുന്നതെന്ന് പോലീസ് പറഞ്ഞു. കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ പറവൂര്‍ പുത്തന്‍വേലിക്കര എളന്തിക്കര സ്വദേശി ടിപ്സണ്‍ ഫ്രാന്‍സിസി(33)നെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ചിലവന്നൂരില്‍ ഹീര ഫ്ളാറ്റിലെ 18 നിലയിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് ടിപ്സന്റെ നേതൃത്വത്തില്‍ ചൂതാട്ട കേന്ദ്രം നടത്തിയിരുന്നത്. ലോകത്ത് വന്‍ പ്രചാരമുള്ള പോക്കര്‍ ഗെയിമാണ് ഇവിടെ ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്നത്. പണത്തിന് പകരം പ്രത്യേക കോയിനുകളാണ് ഉപയോഗിച്ചായിരുന്നു ചീട്ടുകളി.

5,000 മുതല്‍ 10,000 രൂപവരെയാണ് ഒരു ടോക്കണിന്റെ വില. കേന്ദ്രത്തിന് അനുബന്ധമായി മദ്യശാലയും പ്രവര്‍ത്തിച്ചിരുന്നു. ഇതിന് അനുമതിയുണ്ടായിരുന്നോയെന്ന് പരിശോധിക്കും. കളിക്കാരില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങിയാണ് ചൂതാട്ടത്തില്‍ പങ്കെടുപ്പിച്ചിരുന്നത്. വിഐപി ഫ്ളാറ്റായതിനാല്‍ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. ചൂതാട്ടത്തിനുപയോഗിച്ചിരുന്ന കോയിനുകളും ചീട്ടും മറ്റ് സാമഗ്രികളും പിടിച്ചെടുത്തു. എറണാകുളം സൗത്ത് പോലീസ്, ഡാന്‍സാഫ്, ഡോഗ് സ്‌ക്വാഡ് എന്നിവ സംയുക്തമായാണ് ഞായറാഴ്ച പരിശോധന നടത്തിയത്. കേന്ദ്രത്തിലെത്തിയ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
സൈജു തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചിലവന്നൂരില്‍ സലഹാദീന്റെ ഫ്ളാറ്റിലാണ് ആദ്യം പോലീസ് പരിശോധിച്ചത്. എന്നാല്‍ ഇവിടെ നിന്ന് കാര്യമായൊന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഈ ചൂതാട്ട കേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. തൃക്കാക്കര ഓയോ റൂം, മരട് ഏദന്‍സ്, പനങ്ങാട് ചാത്യാത് ലെയ്ക് സിംഫണി എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. അറസ്റ്റിലായ ടിപ്സന്റെ ബാങ്ക് അക്കൗണ്ടും പരിശോധിക്കും. ഇയാളില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

 

 

Latest News