സന്ദീപ് വധത്തിനു പിന്നില്‍ സി.പി.എമ്മിലെ വിഭാഗീയതയെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം- സി.പി.എം പെരിങ്ങര ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ബി. സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
തിരുവല്ല കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിട്ടുണ്ട്. സി.പി.എമ്മിലെ വിഭാഗീയത കൊലപാതകത്തിന് കാരണമായിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ പാര്‍ട്ടിസമ്മേളനങ്ങളുടെടെ ഭാഗമായി സി.പി.എമ്മില്‍ വലിയ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇതിന് ഈ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം.  സി.പി.എമ്മിലെ ഉന്നതരായ നേതാക്കള്‍ക്ക് കൊലപാതകത്തെ കുറിച്ച് അറിയാമോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊലപാതകവിവരം പുറത്തുവന്നപ്പോള്‍  കൊല്ലപ്പെട്ടയാളുടെ സന്തതസഹചാരിയും ഡി.വൈ.എഫ്.ഐ നേതാവുമായ അഡ്വ.മനു കൊലപാതകം ഗുണ്ടാസംഘം നടത്തിയതാണെന്ന പോസ്റ്റിട്ടിരുന്നു. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ ഈ പോസ്റ്റ് പിന്‍വലിക്കപ്പെട്ടു. സി.പി.എം നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ കൊണ്ട് പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ സി.പി.എം വ്യാപകമായി ആര്‍എസ്.എസിനെ പഴിചാരി പോസ്റ്ററുകളും ഫഌക്‌സ്‌ബോര്‍ഡുകളും തിരുവല്ലയില്‍ വെച്ചു. വിജയരാഘവന്‍ സംഭവം നടന്ന ഉടനെ പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞു. സിപി.എമ്മിന്റെ പല ഉന്നത നേതാക്കളും ഇത് ഏറ്റെടുത്തു. അറസ്റ്റിലായ നാലു പ്രതികള്‍ സി.പി.എം ബന്ധമുള്ളവരാണ്. സി.പി.എം നേതൃത്വം അറിയാതെ ഇങ്ങനൊരു കൊലപാതകം നടക്കില്ല. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ എങ്ങനെയാണ് പെരിങ്ങര ലോക്കല്‍ സെക്രട്ടറിയെ വധിച്ച കേസില്‍ പ്രതിയാകുന്നത്? ഇയാളുടെ പശ്ചാത്തലം പോലീസ് അന്വേഷിക്കണം. ഇയാള്‍ക്ക് കണ്ണൂരിലെ സി.പി.എം ക്വട്ടേഷന്‍ സംഘവുമായി  ബന്ധമുണ്ട്- അദ്ദേഹം പറഞ്ഞു.

 

 

Latest News