ടൂറിസം വികസിക്കുന്നു, വയനാട്ടില്‍ 50 പുരുഷ ലൈംഗിക തൊഴിലാളികളും

കല്‍പറ്റ-വിനോദസഞ്ചാര മേഖലയില്‍ വികസനത്തിന്റെ പെരുമ്പറ മുഴങ്ങുന്നതിനിടെ വയനാട്ടില്‍ ലൈംഗിക തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു. മറ്റിടങ്ങളില്‍നിന്നു വന്നുപോകുന്നവരടക്കം നാലായിരത്തിലധികം സ്ത്രീകള്‍ ജില്ലയില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നതായാണ് അനൗദ്യോഗിക കണക്ക്.
50നടുത്ത് പുരുഷ ലൈംഗിക തൊഴിലാളികളും ജില്ലയിലുണ്ട്.
റെഡ് ക്രോസ് സൊസൈറ്റി വയനാട് ബ്രാഞ്ചു മുഖേന സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജില്ലയില്‍ നടപ്പിലാക്കുന്ന സുരക്ഷ പ്രൊജക്ടില്‍ മാത്രം 1,198  സ്ത്രീ ലൈംഗിക തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 50 വയസില്‍ താഴെ പ്രായമുള്ള ഇവരില്‍ ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവരും ഉണ്ട്. ലൈംഗിക തൊഴിലാളികളിലെ എയ്ഡ്‌സ് പ്രതിരോധത്തിനു മുന്‍തൂക്കം നല്‍കി പ്രാവര്‍ത്തികമാക്കിയതാണ് സുരക്ഷ പ്രൊജക്ട്. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സാമ്പത്തിക പിന്തുണയോടെയാണ് പ്രൊജക്ട് നിര്‍വഹണം.
ടൂറിസം ശൈശവദശയിലായിരുന്ന കാലത്തു ജില്ലയില്‍ വളരെ കുറവായിരുന്നു ലൈംഗിക തൊഴിലാളികളുടെ എണ്ണം. ദുഷിച്ച സാമൂഹിക സാഹചര്യങ്ങളില്‍ വഴിപിഴച്ചുപോയവരായിരുന്നു ഇവരില്‍ അധികവും. ജീവിക്കാനായുള്ള പോരില്‍ തെരുവോരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും നിന്നാണ്  മുമ്പ് ലൈംഗിക തൊഴിലാളികള്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ടൂറിസം വളര്‍ന്നതോടെ തെരുവോരങ്ങളില്‍ ലൈംഗിക തൊഴിലാളികളെ കാണാതായി. റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും മറ്റും അവരുടെ പ്രധാന തൊഴിലിടങ്ങളായി. ഇടനിലക്കാരാണ് ലൈംഗിക തൊഴിലാളികളെ താമസസ്ഥലത്തുനിന്നു രഹസ്യമായി റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുപോകുന്നതും. ജീവിക്കാന്‍ ഒരു തൊഴില്‍ എന്നതിലുപരി ധനസമ്പാദനത്തിനു ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകളും കുറവല്ലെന്നു സുരക്ഷ പ്രൊജക്ടുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
 സമീപകാലത്തു നടന്ന  പോപ്പുലേഷന്‍ എസ്റ്റിമേഷന്‍ സര്‍വേയിയിലൂടെ  ജില്ലയില്‍ 1,545 പേര്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നതായി റെഡ്‌ക്രോസ് സൊസൈറ്റിക്കു വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ സുരക്ഷ പ്രൊജക്ടുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഔട്ട്‌റീച്ച് വര്‍ക്കര്‍മാര്‍, പീര്‍ എജ്യുക്കേറ്റഴേസ് എന്നിവരെ ഉപയോഗപ്പെടുത്തിയാണ് 1,198  സ്ത്രീ ലൈംഗിക തൊഴിലാളികളെ കണ്ടെത്തിയത്. കൗണ്‍സലിംഗും ബോധവത്കരണവും നല്‍കി സുരക്ഷ പ്രൊജക്ടില്‍ രജിസ്റ്റര്‍ ചെയ്യിച്ച ഇവര്‍ക്കു മൂന്നൂ മാസം ഇടവിട്ട്  ഡോക്ടര്‍മാര്‍ മുഖേന ശാരീരിക പരിശോധനയും ആറു മാസം ഇടവിട്ട് എച്ച്.ഐ.വി, സിഫിലിസ് പരിശോധനയും നടത്തുന്നുണ്ട്. എച്ച്.ഐ.വി, ലൈംഗിക രോഗ പ്രതിരോധത്തിനുള്ള ഉറകളുടെ വിതരണവും
സുരക്ഷ പ്രൊജക്ടിന്റെ ഭാഗമാണ്. മാസം 10,000 ഉറകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്.
ജീവിത സാഹചര്യങ്ങള്‍ ഒരുക്കി സ്ത്രീകളെ ലൈംഗിക തൊഴിലില്‍നിന്നു മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും റെഡ് ക്രോസ് സൊസൈറ്റി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ 100 പേര്‍ക്കു തയ്യല്‍ പരിശീലനം നല്‍കിയിരുന്നു. ഇവര്‍ക്കു ടൈലറിംഗ് യൂനിറ്റ് ആരംഭിക്കുന്നതിനു സാമൂഹികനീതി വകുപ്പ് മുഖേന അനുവദിക്കുന്നതിനു വയനാട് ജില്ലാ പഞ്ചായത്ത് നേരത്തേ 10 ലക്ഷം രൂപ വകയിരുത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി പ്രാവര്‍ത്തികമായില്ല. ഭേദപ്പെട്ട വരുമാനമുള്ള തൊഴില്‍ ലഭിച്ചാല്‍ ലൈംഗിക തൊഴില്‍ അവസാനിപ്പിക്കാന്‍ സന്നദ്ധരാണ് സുരക്ഷ പ്രൊജക്ടില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ പലരും. ലൈംഗിക തൊഴിലില്‍നിന്നു സത്രീകളെ മോചിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശാസ്ത്രീയ പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നു സുരക്ഷ പ്രൊജക്ട് ഡയറക്ടര്‍ അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍ പറഞ്ഞു.
ലൈംഗിക തൊഴിലാളികളുടെ സ്വഭാവത്തിലും ആവശ്യക്കാരോടുള്ള സമീപനത്തിലും കാതലായ മാറ്റം വരുത്താന്‍ ബോധവത്കരണം ഉതകുന്നുണ്ടെന്നു  സുരക്ഷ പ്രൊജക്ട് മാനേജര്‍ ജിബിന്‍ കെ.ഏലിയാസ്  പറഞ്ഞു. അധികം പണം ലഭിക്കുമെങ്കില്‍ ഉറ ഉപയോഗിക്കാതെയുള്ള ബന്ധത്തിനു സമ്മതിച്ചിരുന്നവരാണ് ലൈംഗിക തൊഴിലാളികളില്‍ ചിലരെങ്കിലും. ഇപ്പോള്‍ സ്ഥിതി മാറി. രോഗപ്പകര്‍ച്ച ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ലൈംഗിക തൊഴിലാളികള്‍ക്കെല്ലാം ബോധ്യമുണ്ട്.
ലൈംഗിക തൊഴിലാളികള്‍ക്കിടയിലെ എയ്ഡ്‌സ്-രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ ഉയരുന്നുണ്ട്. മെച്ചപ്പെട്ട വേതനത്തിലല്ല സുരക്ഷ പ്രൊജക്ട് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. 2013നുശേഷം ജീവനക്കാരുടെ വേതനം പരിഷ്‌കരിച്ചിട്ടില്ല. ലൈംഗിക തൊളിലാളികളെ കണ്ടെത്തുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന പീര്‍ എജ്യുക്കേറ്റേഴ്‌സിനു 3,000 രൂപയാണ് പ്രതിമാസ ഓണറേറിയം. വേതനം കാലോചിതമായി വര്‍ധിപ്പിക്കുന്നതു സുരക്ഷ പ്രൊജക്ട് ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുമെന്നു സാമൂഹിക രംഗത്തുള്ളവര്‍ പറയുന്നു. ലൈംഗിക തൊഴിലാളികളെ സൃഷ്ടിക്കുന്നതാകരുത് ടൂറിസം പദ്ധതികളെന്ന അഭിപ്രായവും അവര്‍ക്കുണ്ട്.

 

Latest News