വീട് നിര്‍മാണത്തിനിടെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

കോഴിക്കോട്-  വേളം കാക്കുനിയില്‍ വീട് പുതുക്കിപ്പണിയുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് നിര്‍മാണ തൊഴിലാളി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തീക്കുനി തുവ്വമല സ്വദേശി നെല്ലിയുള്ള പറമ്പില്‍ കണ്ണന്റെ മകന്‍ ഉണ്ണി എന്ന ജിതിന്‍ (24) ആണ് മരിച്ചത്.
കാക്കുനി മങ്ങാട്ട് കുന്ന് മലയില്‍ കരീമിന്റെ വീട് പുതുക്കിപ്പണിയുന്നതിനിടെ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ഒന്നാം നിലയില്‍ ഒന്നര മാസം മുമ്പ് കൂട്ടിച്ചേര്‍ത്ത് നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീഴുകയായിരുന്നു. അടുക്കളയുടെ മകള്‍ ഭാഗം പുറം തേക്കുന്നതിനിടെ മുകള്‍ ഭാഗത്ത് നിന്ന് സ്ലാബ് തകര്‍ന്ന് നാലുതൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്‌സുമാണ്  സ്ലാബ് നീക്കി തൊഴിലാളികളെ പുറത്തെടുത്ത്. തൊട്ടടുത്ത ആയഞ്ചേരിയിലെ സ്വകാര്യ ആശുപതിയിലെത്തിക്കുന്നിനിടെ ജിതിന്‍ മരിച്ചു.  
പരിക്കേറ്റ അനന്തോത്ത് കണ്ണന്റ മകന്‍ ബിജീഷ് (32), തരിപ്പയില്‍ അശോകന്റെ മകന്‍ അജീഷ് (26), മോടോമ്മല്‍ ചന്ദ്രന്റെ മകന്‍ വിഷ്ണു (26) എന്നിവരെ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച  ജിതിന്‍ അവിവാഹിതനാണ്. മാതാവ്: ചന്ദ്രി. സഹോദരി: ജിന്‍സി.

 

Latest News