Sorry, you need to enable JavaScript to visit this website.

വീട്ടിലെ പീഡനത്തിന് തെളിവായി സുഹൈലിന്റെ  ഫോണിൽനിന്നും മൊഫിയയുടെ ശബ്ദസന്ദേശം

കൊച്ചി-ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീൺ ഭർത്താവ് സുഹൈലിന്റെ വീട്ടിൽ നിന്നും പീഡനങ്ങൾ നേരിട്ടതിന്റെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മോഫിയയുടെ ഭർത്താവ് സുഹൈലിന്റെ ഫോണിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ കിട്ടിയത്. മോഫിയയെ ഒഴിവാക്കി വേറെ വിവാഹം നടത്താൻ സുഹൈലും കുടുംബവും നീക്കം നടത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
'സഹിയ്ക്കാനാകാത്ത പീഡനമാണ് താൻ അനുഭവിക്കുന്നത്. ഇനി ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല' എന്ന് മോഫിയ പറഞ്ഞ് സുഹൈലിന് മൊഫിയ സന്ദേശങ്ങൾ അയച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങൾ സഹിക്കേണ്ടി വന്നപ്പോഴാണ് മോഫിയ ഭർത്താവിന്റെ മൊബൈലിൽ ശബ്ദ സന്ദേശങ്ങളയച്ചത്. മൂളി കേട്ടതല്ലാതെ മോഫിയയെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും സുഹൈൽ തയ്യാറായില്ലെന്ന് ശബ്ദസന്ദേശങ്ങളിൽ നിന്ന് വ്യക്തമാണ്. നിർണ്ണായക വിവരങ്ങളുള്ള സുഹൈലിന്റെ ഫോൺ കോടതിയുടെ അനുമതിയോടെ ഫോറൻസിക് പരിശോധനയക്ക് അയയ്ക്കും. 
വിവാഹം കഴിഞ്ഞ് അധികം കഴിയും മുൻപേ സുഹൈലും കുടുംബവും ഈ ബന്ധത്തിൽ നിന്ന് പിൻമാറാൻ ആലോചിച്ചിരുന്നു. ഡോക്ടറല്ലാത്ത ഒരാളെ വിവാഹം കഴിച്ചതിന്റെ ദേഷ്യം പലപ്പോഴും മോഫിയയോട് സുഹൈലിന്റെ കുടുംബം കാണിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള പീഡനം സഹിയ്ക്കാതെ വന്നതോടെയാണ് എടയപ്പുറത്തുള്ള സ്വന്തം വീട്ടിലേയ്ക്ക് മോഫിയ താമസം മാറിയത്. അതോടെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കണമെന്നാവശ്യപ്പെട്ട് ആലുവ ജുമാ മസ്ജിദ് കമ്മിറ്റിയ്ക്ക് മുൻപാകെ സുഹൈൽ തന്നെ കത്ത് നൽകി. പിന്നീട് സുഹൈലിനെയും മോഫിയയെയും പള്ളി കമ്മിറ്റി വിളിപ്പിച്ചു. ഒത്തുതീർപ്പിന്റെ ഭാഗമായി തിരികെ സുഹൈലിന്റെ വീട്ടിലേയ്ക്ക് പോകാൻ മോഫിയ തയ്യാറായെങ്കിലും അനുരഞ്ജന ചർച്ച ബഹിഷ്‌ക്കരിച്ച് സുഹൈൽ ഇറങ്ങിപ്പോകുകയായിരുന്നു. മോഫിയ പിന്നാലെ ചെന്ന് കാലുപിടിച്ച് അപേക്ഷിച്ചെങ്കിലും സുഹൈൽ നിന്നില്ലെന്നും ദ്യക്ഷസാക്ഷി മൊഴി നൽകിയിട്ടുണ്ട്. പള്ളി കമ്മിറ്റിക്ക് കത്ത് നൽകിയതും ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുത്തതും സ്വയം ന്യായീകരിയ്ക്കാൻ വേണ്ടി സുഹൈൽ ചെയ്തതാണെന്നാണ് അന്വേഷണ സംഘം സംശയ്ക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി സുഹൈലിനെയും മോഫിയയെയും സ്റ്റേഷനിലേയ്ക്ക് പോലീസ് വിളിച്ചുവരുത്തിയിരുന്നു. മോഫിയയോട് സി.ഐ. സുധീർ കയർത്ത് സംസാരിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നത്.
സുഹൈൽ, സുഹൈലിന്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
 

Latest News