Sorry, you need to enable JavaScript to visit this website.

അട്ടപ്പാടിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും  പ്രാദേശിക കൂട്ടായ്മകൾ -മന്ത്രി വീണാ ജോർജ്

പാലക്കാട്- അട്ടപ്പാടിയിൽ പോഷകാഹാരവും മാനസികാരോഗ്യവും ഉറപ്പു വരുത്തുന്നതിന് പ്രാേദശിക തലത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും കൂട്ടായ്മകൾ രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. അട്ടപ്പാടിയിൽ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്ന് അവർ അറിയിച്ചു. ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ അട്ടപ്പാടി സന്ദർശിച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. മുന്നറിയിപ്പില്ലാതെയായിരുന്നു ആരോഗ്യമന്ത്രിയുടെ സന്ദർശനം. 
നിലവിൽ അട്ടപ്പാടിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള പരാതികളെല്ലാം പരിശോധിക്കും. തുടർനടപടികളുണ്ടാവും. അങ്കണവാടികൾ മുഖേന പ്രദേശവാസികളെ വിവിധ പദ്ധതികളുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. അതുവഴി പദ്ധതികൾ കൃത്യമായി ഗുണഭോക്താവിലേക്ക് എത്തിക്കാനാവും. പോഷകാഹാരവും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന് പ്രാദേശികതലത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും കൂട്ടായ്മകൾക്ക് രൂപം കൊടുക്കും. അവരുടെ ഭാഷയിൽത്തന്നെയായിരിക്കും ബോധവൽക്കരണ പരിപാടികൾ. കോട്ടത്തറ ഗവ. ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കുട്ടികളുടെ ഐ.സി.യു ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട്. ഗൈനക്കോളജി, പീഡിയാട്രിക്‌സ് വിഭാഗങ്ങളിൽ സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തും. 'ഹൈ റിസ്‌ക് കാറ്റഗറി'യിൽപ്പെട്ട ഗർഭിണികൾക്ക് പ്രത്യേക പരിരക്ഷ നൽകാൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പിലാക്കും. കോട്ടത്തറ ആശുപത്രിയിലെ താൽക്കാലി ജീവനക്കാരുടെ ശമ്പളകുടിശ്ശിക നൽകുന്നതിന് നടപടിയുണ്ടാവും. ആവശ്യമെങ്കിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. 
സംസ്ഥാന സർക്കാർ ഏതാനും വർഷങ്ങളായി പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കിയതിനാൽ അട്ടപ്പാടിയിൽ ശിശുമരണങ്ങൾ കുറയുകയാണ്. 2013-14 ൽ 45 ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം 12 കേസുകളാണ് ഉണ്ടായത്. അതും ഇല്ലാതാക്കാനാണ് ശ്രമം. അട്ടപ്പാടിയിൽ ആകെ 426 ഗർഭിണികളാണ് നിലവിൽ ഉള്ളത്. അതിൽ 218 പേർ ഊരുനിവാസികളാണ്. വലിയൊരു വിഭാഗം ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് പ്രത്യേക ശ്രദ്ധ നൽകും -മന്ത്രി പറഞ്ഞു. വസ്തുതകൾ മറച്ചു വെച്ച് സർക്കാരിനു മേൽ ചെളി വാരിയെറിയാനാണ് പലരും ശ്രമിക്കുന്നത് എന്ന് ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു. 

Latest News