കൊച്ചി- എക്‌സൈസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ 30 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. നെടുമ്പാശ്ശേരി വഴി ഗൾഫിലേക്ക് കടത്താൻ കൊണ്ടുവന്ന 5.100 കിലോഗ്രാം മെത്തലീൻ ഡയോക്‌സി മെത്ത് ആംഫെറ്റാമിൻ (എം.ഡി.എം.എ) എന്ന മാരക മയക്കുമരുന്നാണ് പിടിച്ചത്. മയക്കുമരുന്നു കൊണ്ടുവന്ന രണ്ട് പാലക്കാട് സ്വദേശികൾ പിടിയിലായി.
പാലക്കാട് മണ്ണാർക്കാട് കരിമ്പ വില്ലേജിൽ കച്ചേരിപ്പടി കൈപ്പുള്ളി വീട്ടിൽ ഫൈസൽ (34), തട്ടായിൽ വീട്ടിൽ അബ്ദുൽ സലാം (34) എന്നിവരാണ് പിടിയിലായത്. അത്താണിയിൽ നിന്ന് നെടുമ്പാശ്ശേരിക്കുള്ള വഴിയിൽ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്ന് ജോയിന്റ് എക്‌സൈസ് കമ്മീഷണർ പി.കെ മനോഹരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഫ്ഗാനിലെ കാബൂളിൽ നിന്നാണ് ഇതു കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. കര മാർഗം തീവ്രവാദികൾ മുഖേന കശ്മീരിലെത്തിച്ച് അവിടെ നിന്ന് ദൽഹിയിലും തുടർന്ന് ട്രെയിൻ മാർഗമാണ് മയക്കുമരുന്ന് പാലക്കാട് എത്തിച്ചത്. നെടുമ്പാശ്ശേരിയിൽ ഒരാൾ കാത്തു നിൽക്കുമെന്നും അയാൾക്ക് ഇത് കൈമാറണമെന്നുമായിരുന്നു നിർദേശം. കാരിയറായി ഉദ്ദേശിച്ചിരുന്ന യുവാവിനെ സംബന്ധിച്ചും ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പി.കെ.മനോഹരൻ പറഞ്ഞു.
രണ്ട് ട്രോളി ബാഗുകളിൽ പ്രത്യേകം ഉണ്ടാക്കിയ അറകളിൽ സ്‌കാനിംഗിൽ മനസ്സിലാകാത്ത രീതിയിൽ കാർബൺ പേപ്പറുകളിൽ പൊതിഞ്ഞാണ് ഇവ സൂക്ഷിച്ചിരുന്നത്. ചെറുപ്പക്കാരെ കണ്ടെത്തി അവർക്ക് വിസയും പാസ്‌പോർട്ടും എത്തിച്ച് കാരിയർമാരായി ഉപയോഗിച്ചാണ് വിദേശത്തേക്ക് എത്തിക്കുന്നത്. കഴിഞ്ഞ വർഷം ഇതുപോലെ എംഡിഎംഎ കടത്തി വിദേശത്ത് വെച്ച് പിടിയിലായ പള്ളിത്തോട് സ്വദേശി ക്ലമന്റ് എന്ന യുവാവ് ജയിലിലാണ്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്നു കടത്തിനെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്. കഴിഞ്ഞ മൂന്നു മാസമായി നടത്തിയ നിരീക്ഷണത്തിലാണ് കേസ് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. മയക്കുമരുന്ന് കടത്തുന്ന മുഖ്യ സൂത്രധാരന്മാരെ കുറിച്ചും നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്തും വിൽപനയും തടയുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ച ഊർജിത നടപടികളാണ് മയക്കുമരുന്ന് വേട്ടയിലേക്ക് നയിച്ചത്. ഇതിനായി സർക്കാർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്വകാഡ് രൂപീകരിച്ചിരുന്നു. ജില്ലയിലെ സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജി ലക്ഷ്മണന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എൻ.പി സുദീപ് കുമാർ, അസി. ഇൻസ്‌പെക്ടർ സി.കെ. സൈഫുദ്ദീൻ, പ്രിവന്റീവ് ഇൻസ്‌പെകട്ർമാരായ എ.എസ്. ജയൻ, എം.കെ.കെ ഫൈസൽ, സിവിൽ ഓഫീസർമാരായ കെ.എം റോബി, പി.എക്‌സ് റൂബിൻ, രഞ്ജു എൽദോ തോമസ്, വി.എൽ. ജിമ്മി, ഡ്രൈവർ സി.ടി.പ്രദീപ്കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. സംഘത്തെ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ അഭിനന്ദിച്ചു. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് സംഘത്തിന് പ്രാഥമികമായി 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.