Sorry, you need to enable JavaScript to visit this website.
Friday , January   28, 2022
Friday , January   28, 2022

ജനാധിപത്യവും (അ)രാഷ്ട്രീയ കൊലകളും 

കൊലപാതകങ്ങളിലൂടെ ഏതെങ്കിലും പ്രസ്ഥാനത്തെ തകർക്കാൻ പറ്റിയതായി ലോകചരിത്രത്തിൽ കാണുമോ? ഇല്ല. സത്യത്തിൽ  ഇതിലൂടെ പരസ്പരം വളർത്തുകയാണ് ഇവർ ചെയ്യുന്നത് എന്നാണ് തിരിച്ചറിയേണ്ടത്.

ചെറിയ ഒരിടവേളക്കു ശേഷം കേരളത്തിൽ വീണ്ടും രാഷ്ട്രീയത്തിന്റെ പേരിൽ  കൊലപാതകങ്ങൾ അരങ്ങേറുകയാണോ? കഴിഞ്ഞ ദിവസങ്ങളിൽ ചാവക്കാട്ടും പാലക്കാട്ടും തിരുവല്ലയിലുമൊക്കെ നടന്ന അരറുംകൊലകൾ നൽകുന്ന സൂചന മറ്റെന്താണ്? മൂന്നിടത്തും കൊല ചെയ്യപ്പെട്ടത് സി.പി.എം പ്രവർത്തകരായിരുന്നു. കൊന്നത് എസ്.ഡി.പി.ഐ, ബി.ജെ.പി പ്രവർത്തകരും. ഇത്തരത്തിൽ മുന്നോട്ടു പോകുകയാണെങ്കിൽ  വളരെ ഭീതിദമായ അവസ്ഥയിലേക്കായിരിക്കും കേരളം നീങ്ങുന്നതെന്ന് പറയാതിരിക്കാനാവില്ല.

വാസ്തവത്തിൽ രാഷ്ട്രീയ കൊലപാതകമെന്ന പദം അർത്ഥശൂന്യമാണ്. ജനാധിപത്യ സംവിധാനത്തിൽ അത്തരമൊരു പദത്തിന് ഒരു സാംഗത്യവുമില്ല. ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത് ഭരണത്തിലൂടെയും സമരത്തിലൂടെയും സംവാദങ്ങളിലൂടെയുമാണ്. കൊലപാതകങ്ങളിലൂടെയല്ല. മുമ്പ് കേരളത്തിൽ ചില രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. നക്‌സലൈറ്റുകൾ ചില ജന്മികളെ ഉന്മൂലനം ചെയ്ത സംഭവങ്ങളാണ് ഉദ്ദേശിക്കുന്നത്. അതവരുടെ പ്രഖ്യാപിത രാഷ്ട്രീയ പരിപാടിയായിരുന്നു. നിലവിലെ ജനാധിപത്യ സംവിധാനത്തെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും അതിനെ സായുധമായി അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നും പ്രഖ്യാപിച്ചാണ് അവർ ആ കൊലകൾ നടത്തിയത്. ആ അർത്ഥത്തിൽ അവ രാഷ്ട്രീയ കൊലപാതകങ്ങളാണ്. അത് ശരിയോ തെറ്റോ എന്നത് വേറെ ചോദ്യം. ജനാധിപത്യത്തിലൂടെയല്ലാതെ ഒരു സാമൂഹ്യ മാറ്റം സാധ്യമാണെന്നു വിശ്വസിക്കുന്നവർ ഏതു ലോകത്താണ് ജീവിക്കുന്നത് എന്നു ചോദിക്കാതിരിക്കാനാവില്ല. അവരുടെ പിൻഗാമികളായ മാവോയിസ്റ്റുകളും അതേ പാതയിലാണ്. എങ്കിലും കേരളത്തിൽ അവർ കൊലപാതകങ്ങളൊന്നും നടത്തിയിട്ടില്ല. പകരം അവരെ നിയമ വിരുദ്ധമായി കൊന്നുകളയുകയാണ് ഈ സർക്കാർ ചെയ്യുന്നത്. 

കേരളത്തിൽ ഈ കൊലകൾ നടത്തുന്ന ആരും കൊലപാതകങ്ങളോ സായുധ സമരമോ തങ്ങളുടെ രാഷ്ട്രീയ പരിപാടിയായി പ്രഖ്യാപിച്ചിട്ടില്ല. അപ്പോൾ പിന്നെ അവർ നടത്തുന്ന കൊലപാതകങ്ങൾ എങ്ങനെയാണ് രാഷ്ട്രീയ കൊലകളാകുന്നത്. ഒരു സംശയവുമില്ല, തികച്ചും അരാഷ്ട്രീയമായ കൊലകളാണ് കേരളത്തിൽ അരങ്ങേറുന്നത്. വർഗീയ കലാപങ്ങളിലും മറ്റും പിറകിലാണെങ്കിലും ഈ അരാഷ്ട്രീയ കൊലകളിലും സംഘട്ടനങ്ങളിലും കേരളം ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണെന്നതാണ് വസ്തുത. അവയാകട്ടെ നമ്മുടെ കലാലയങ്ങളിൽ നിന്നു തന്നെ ആരംഭിക്കുന്നു. തികച്ചും ജനാധിപത്യ വിരുദ്ധമായ സംഘടനാ പ്രവർത്തനമാണ് മിക്കവാറും കോളേജുകളിൽ നടക്കുന്നത്. 

അതേസമയം മിക്ക പാർട്ടികളും ഇത്തരം കൊലകൾ നടത്തിയിട്ടുണ്ടെങ്കിലും  രാഷ്ട്രീയ നിലപാടുകളിൽ ഇപ്പോഴും കാപട്യം കൊണ്ടുനടക്കുന്നവരാണ് ഇത്തരം കൊലപാതകങ്ങളിൽ മുന്നിൽ എന്നതു ശ്രദ്ധേയമാണ്. സംസ്ഥാനത്ത് കൊലപാതകങ്ങൾ ആരംഭിക്കുന്നതിൽ തീർച്ചയായും കോൺഗ്രസിനു പ്രധാന പങ്കുണ്ട്. പല കൊലകളും അവർ ചെയ്തിട്ടുമുണ്ട്. അപ്പോഴും കോൺഗ്രസസ്സ്, ലീഗ്, സി.പി.ഐ, കേരള കോൺഗ്രസ് പോലുള്ള പാർട്ടികൾ ഇക്കാര്യത്തിൽ വളരെ പിറകിലാണെന്നു കാണാം. മറുവശത്ത് കൊലപാതകങ്ങളിൽ മുന്നിൽ സി.പി.മ്മും ബി.ജെ.പിയും തന്നെ. സമീപകാലത്തായി എസ് .ഡി.പി.ഐയും ആ നിരയിലുണ്ട്. കുറച്ചുകാലമായി പല പ്രവർത്തകരും കൊല ചെയ്യപ്പെട്ടിട്ടും പകരം കൊല ചെയ്യാനായി സി.പി.എം തയാറാകുന്നില്ല എന്നത് സ്വാഗതാർഹമാണ്. അപ്പോഴും ഇത്തരമൊരവസ്ഥയിൽ കേരളത്തെ എത്തിച്ചതിൽ അവർക്കുള്ള പങ്ക് ചെറുതല്ല. അതാകട്ടെ, എത്രയോ തവണ ഭരണത്തിനു നേതൃത്വം കൊടുത്ത പാർട്ടിയും. അടുത്ത കാലത്തു തന്നെ പെരിയയിൽ നടന്ന ക്രൂരമായ ഇരട്ടക്കൊലയിൽ നിന്ന് പാർട്ടി നേതാക്കളെ രക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്നു ചെിലവാക്കിയത് കോടികളാണല്ലോ. എന്നിട്ടും കാസർകോട്ടെ പ്രമുഖ നേതാവു പോലും പ്രതിസ്ഥാനത്താണ്. ബി.ജെ.പിയാകട്ടെ കുറെ വർഷങ്ങളായി രാജ്യം ഭരിക്കുന്ന പാർട്ടിയുമാണ്. 

(അ)രാഷ്ട്രീയ കൊലകളിൽ മുന്നിലുള്ള ഈ പ്രസ്ഥാനങ്ങൾ രാഷ്ട്രീയ പരിപാടികളിൽ ഒളിച്ചുവെച്ചിരിക്കുന്ന കാപട്യത്തെ കുറിച്ചു പറഞ്ഞല്ലോ. അതു തന്നെയാണ് ഏറ്റവും ഗൗരവപരമായ പ്രശ്‌നം. ജനാധിപത്യത്തെ അംഗീകരിക്കുന്നവർക്ക് ഇത്തരം കൊലകൾ നടത്താനാവില്ല എന്നു പറഞ്ഞല്ലോ. എന്നാൽ ഈ പ്രസ്ഥാനങ്ങൾ അതംഗീകരിക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. തീർച്ചയായും മൂന്നു കൂട്ടരും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നുണ്ട്. സി.പി.എം കേരളവും ബംഗാളുമൊക്കെ ഭരിച്ചിട്ടുണ്ട്. ബി.ജെ.പി രാജ്യവും. എസ്.ഡി.പി.ഐ തദ്ദേശ സ്ഥാപനങ്ങളെങ്കിലും ഭരിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ ആത്യന്തിക രാഷ്ട്രീയ ലക്ഷ്യം എന്താണെന്നു പരിശോധിക്കണം. അവിടെയാണ് കാപട്യം ഒളിച്ചുവെച്ചിരിക്കുന്നത്. മൂന്നു കൂട്ടരുടേയും ലക്ഷ്യം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള സർവാധിപത്യ രാഷ്ട്രമാണ്. ഒരു കൂട്ടർ കമ്യൂണിസമാണ് ലക്ഷ്യം വെക്കുന്നത്. അത്തരമൊരു ലക്ഷ്യത്തിലും അതിനുള്ള മാർഗത്തിലും ജനാധിപത്യത്തിന് എന്തു സ്ഥാനം? ഒരു സ്ഥാനവുമില്ല എന്നതിന് കഴിഞ്ഞ നൂറ്റാണ്ടിലെ ലോകചരിത്രം സാക്ഷി. അതിൽ നിന്നു പാഠം പഠിച്ച് തെറ്റു തിരുത്താൻ പാർട്ടി തയാറായിട്ടില്ല എന്നതിന് അവരുടെ പരിപാടിയും ഭരണഘടനയുമൊക്കെ സാക്ഷി. സി.പി.ഐ ജനാധിപത്യത്തിലൂടെ സോഷ്യലിസമെന്നു പറയുമ്പോൾ സി.പി.എം ഇപ്പോഴും തൊഴിലാളി വർഗ സർവാധിപത്യത്തെയും അതിന്റെ മുന്നണിപ്പോരാളികളായ തങ്ങളുടെ പാർട്ടിയെ കുറിച്ചുമാണ് പറയുന്നത്. അതിനുള്ള ശക്തിയില്ലാത്തതിനാൽ തന്ത്രപരമായി ഇവിടത്തെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്നു എന്നു മാത്രം. മറുവശത്ത് മതരാഷ്ട്രം ലക്ഷ്യം വെക്കുന്നവർക്ക് ജനാധിപത്യത്തിൽ ഒരു വിശ്വാസവുമില്ല എന്നതിന് കൂടുതൽ വിശദീകരണം ആവശ്യമില്ലല്ലോ. 

ജനാധിപത്യത്തിൽ സത്യസന്ധമായി വിശ്വസിക്കാതിരിക്കുകയും തങ്ങളുടെ ലക്ഷ്യം നേടാനുള്ള ഒരു തന്ത്രമായി മാത്രം അതിനെ കാണുകയും ചെയ്യുന്നവർക്ക് ഇത്തരം കൊലപാതകങ്ങൾ നിഷിദ്ധമാകില്ലല്ലോ. മാവോയിസ്റ്റുകൾ തങ്ങളുടെ ലക്ഷ്യവും മാർഗവുമൊക്കെ സത്യസന്ധമായി വിളിച്ചുപറയുമ്പോൾ ഇവർ അതു ചെയ്യാതെ ജനങ്ങളെ വഞ്ചിക്കുകയാണ്. അതിനാലാണ് ഈ പാർട്ടികൾക്ക് രഹസ്യ പ്രവർത്തനവും പരസ്യ പ്രവർത്തനവും സാധ്യമാകുന്നത്. ജനാധിപത്യത്തിൽ രഹസ്യ പ്രവർത്തനങ്ങൾക്കോ ആയുധ പരിശീലനത്തിനോ എന്തു പ്രസക്തിയാണുള്ളത്? എന്നാൽ ഇവർക്ക് വളരെ പരിശീലനം നേടിയ സേനകൾ തന്നെയുണ്ട്. ഇവർ നടത്തുന്ന കൊലകളുടെ രീതി തന്നെ അത് വിളിച്ചു പറയുന്നു. മാത്രമല്ല വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഓരോ കൊലയും നടക്കുന്നത്. പലപ്പോഴും കൊല ചെയ്യുന്നവരാകില്ല ജയിലിൽ പോകുന്നത്. അതിനുള്ളവർ വേറെയുണ്ടാകാം. കൊലയാളികളെയും കൊല ചെയ്യപ്പെട്ടവരുടെയും കുടുംബങ്ങളുടെ സംരക്ഷണമൊക്കെ ഉറപ്പാണ്. അടുത്ത കാലത്തായി ക്വട്ടേഷൻ സംഘങ്ങളുടെ സഹായവും തേടുന്നുണ്ട്. ഈ പാർട്ടികളിൽ നിലനിൽക്കുന്ന കേഡർ സംവിധാനവും ജനാധിപത്യത്തിനു അനുയോജ്യമല്ല. പല നിറത്തിലുള്ള യൂനിഫോമുകൾ ധരിച്ച വളണ്ടിയർമാരും അവരുടെ റൂട്ട് മാർച്ചുകളുമൊക്കെ സമഗ്രാധിപത്യ പ്രസ്ഥാനങ്ങളുടെ സ്വഭാവങ്ങളാണ്. പാർട്ടിക്കു വേണ്ടി ജീവിതം മാറ്റിവെക്കുന്ന മുഴുവൻ സമയ പ്രവർത്തകരുടെ കാര്യവും അങ്ങനെ തന്നെ. അങ്ങനെ കുറെ പേർ മുഴുവൻ സമയം ചെയ്യേണ്ടതല്ല, എല്ലാവരും ഭാഗഭാക്കാകേണ്ടതാണ് ജനാധിപത്യത്തിലെ രാഷ്ട്രീയ പ്രവർത്തനം. ജനാധിപത്യത്തിലെ പാർട്ടികൾക്ക് രഹസ്യങ്ങളോ ജനങ്ങളിൽ നിന്നു മറച്ചുവെക്കേണ്ടതോ ആയി ഒന്നുമുണ്ടാവരുത്. പാർട്ടിയുടെ ഭാരവാഹികളെയും ജനപ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതിൽ പോലും ജനാഭിപ്രായം ആരായുകയാണ് വേണ്ടത്.  മറ്റു പല പാർട്ടി പ്രവർത്തകരും കൊലകൾ നടത്താറുണ്ടെങ്കിലും അവ ഇത്രമാത്രം ആസൂത്രിതമല്ല. അതിനായി ശക്തമായ സംവിധാനമൊന്നും അവർക്കുള്ളതായി അറിയില്ല. അപ്പോഴും ഈ പ്രവണത ജനാധിപത്യത്തിനു വെല്ലുവിളിയാണ്. നൂറു ശതമാനവും അവസാനിപ്പിക്കേണ്ട പ്രവണതയുമാണ്. ഈ പ്രസ്ഥാനങ്ങളുടെ ശൈലി പിന്തുടർന്ന് കോൺഗ്രസിനെയും  കേഡർ പാർട്ടിയാക്കാനുള്ള നീക്കം കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കൂടുതൽ കലുഷിതമാക്കുകയേ ഉള്ളൂ എന്നതാണ് വസ്തുത.

നിർഭാഗ്യവശാൽ അതിശക്തമായ പ്രതിരോധമൊന്നും ഈ വിഷയത്തിൽ കേരളത്തിൽ ഉയരുന്നില്ല എന്നതാണ് വസ്തുത. സ്വന്തം പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ മാത്രമാണ് പ്രതിഷേധമുയരുന്നത്. അഴിക്കോടൻ രാഘവൻ, ടി.പി ചന്ദ്രശേഖരൻ, ജയകൃഷ്ണൻ മാസ്റ്റർ, അഭിമന്യു, ഷുഹൈബ്, സുധീഷ്, ഷുക്കൂർ, ഫസൽ തുടങ്ങി അപൂർവം ചിലർ കൊല്ലപ്പെട്ടപ്പോൾ മാത്രമാണ് പൊതുസമൂഹത്തിൽ നിന്ന് കാര്യമായ പ്രതിഷേധം ഉയർന്നത്. പൊതുവിൽ ഇതെല്ലാം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന പൊതുബോധമാണ് നിലനിൽക്കുന്നത്.  തങ്ങൾ പ്രതിരോധിക്കുകയാണെന്നാണ് ഓരോരുത്തരുടെയും അവകാശവാദം. .എന്നാൽ നടക്കുന്നത് കൃത്യമായി പ്ലാൻ ചെയ്ത കൊലപാതകങ്ങളാണ്. . ഇത്തരത്തിൽ പ്രതിരോധിക്കാൻ ജനാധിപത്യത്തിലും അതിന്റെ ഭാഗമായ നീതിന്യായ സംവിധാനത്തിലും വിശ്വസിക്കുന്ന ഏതെങ്കിലും പാർട്ടിക്ക് അവകാശമുണ്ടോ? കുറ്റവാളികളെ പിടികൂടി ശിക്ഷിക്കാൻ പോലീസും കോടതിയുമടക്കമുള്ള സംവിധാനം പിന്നെന്തിനാണ്? മുകളിൽ സൂചിപ്പിച്ച പോലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല എന്നതാണ് അടിസ്ഥാന കാരണം. മാത്രമല്ല, ഇത്തരത്തിൽ കൊലപാതകങ്ങളിലൂടെ ഏതെങ്കിലും പ്രസ്ഥാനത്തെ തകർക്കാൻ പറ്റിയതായി ലോകചരിത്രത്തിൽ കാണുമോ? ഇല്ല. സത്യത്തിൽ  ഇതിലൂടെ പരസ്പരം വളർത്തുകയാണ് ഇവർ ചെയ്യുന്നത് എന്നാണ് തിരിച്ചറിയേണ്ടത്.

Latest News