Sorry, you need to enable JavaScript to visit this website.
Friday , January   28, 2022
Friday , January   28, 2022

ടി. ദാമു ടാറ്റയുടെ കേരളം  മറക്കാത്ത മുഖം 

പബ്ലിക് റിലേഷൻസ് രംഗത്ത് ഇന്ത്യയിലെ തന്നെ തലയെടുപ്പായിരുന്നു ദാമു. ടാറ്റാ ടീയുടെയും താജ് ഹോട്ടൽ ഗ്രൂപ്പിന്റെയുമെല്ലാം അമരത്തെത്തുക എന്നത് ദാമു ജീവിച്ച കാലത്തും ഇന്നുമെല്ലാം അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. 


ചില മനുഷ്യരുടെ കാര്യം അങ്ങനെയാണ്. ജീവിതത്തിന്റെ നല്ല കാലത്ത് സാമൂഹ്യ പരിസരത്ത് കത്തി ജ്വലിച്ചങ്ങനെ നിൽക്കും. എപ്പോഴോ എവിടെയോ അപ്രത്യക്ഷരാകും -അങ്ങനെ ഒരാളായിരുന്നു കഴിഞ്ഞ ദിവസം മരിച്ച പത്രപ്രവർത്തകനും, പബഌക് റിലേഷൻസ് വിദഗ്ധനുമായ ടി. ദാമു. ദീർഘ വർഷങ്ങൾ കേരളത്തിന്റെ പൊതു ഇടത്തിൽ ദാമുവുണ്ടായിരുന്നു. നിയമസഭാ പ്രസ് ഗാലറിയിൽ, സെക്രട്ടറിയേറ്റിന്റെ വാർത്താ ഇടങ്ങളിൽ എല്ലാം. പ്രസ് റൂമിലെ സംവാദങ്ങളിലെ സജീവ സാന്നിധ്യം. വേഷം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം പ്രത്യേക ശ്രദ്ധ നേടുന്ന വ്യക്തിത്വം. ടാറ്റാ ഗ്രൂപ്പിന്റെ കേരളത്തിലെ മുഖമായിരുന്നു അവസാന കാലത്ത് ദാമു. തലശ്ശേരി സ്വദേശിയായ ദാമു അര നൂറ്റാണ്ടാണ് ഭരണ നിർവഹണം, പരസ്യ മേഖല സർവോപരി പബഌക് റിലേഷൻസ് മേഖലയിൽ തന്റെ കർമകാണ്ഡം പൂർത്തീകരിച്ചത്. പബ്ലിക് റിലേഷൻസ് രംഗത്ത് ഇന്ത്യയിലെ തന്നെ തലയെടുപ്പായിരുന്നു ദാമു. ടാറ്റാ ടീയുടെയും താജ് ഹോട്ടൽ ഗ്രൂപ്പിന്റെയുമെല്ലാം അമരത്തെത്തുക എന്നത് ദാമു ജീവിച്ച കാലത്തും ഇന്നുമെല്ലാം അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല.

പത്ര പ്രവർത്തകനായി തിരുവനന്തപുരത്ത് കണ്ട ദാമുവിനെ പിന്നെ കാണുന്നത് കെൽട്രോണിന്റെ പി.ആർ പദവിയിലാണ്. വികസന കാര്യങ്ങളിൽ അനേകായിരം സ്വപ്‌നങ്ങളുണ്ടായിരുന്ന കെ.പി.പി. നമ്പ്യാർ കെൽട്രോൺ സാരഥ്യത്തിലിരുന്നപ്പോഴാണ് ടെലിവിഷൻ നിർമാണ രംഗത്ത് ആ സ്ഥാപനം ആദ്യ പാദമൂന്നിയത്. കെൽട്രോൺ ടി.വിയെ ജനകീയമാക്കുന്നതിൽ ദാമുവിന്റെ പി.ആർ പ്രവർത്തനം വഹിച്ച പങ്ക് എത്രയോ വലുതായിരിക്കും. ടി.വി മാത്രമല്ല ട്രാഫിക് സിഗ്‌നലുകളും നമ്പ്യാർ - ദാമു കാലത്ത് പ്രചാരണം നേടിയ അഭിമാനങ്ങളായിരുന്നു. കെൽട്രോണിന്റെ വിവാദ നാളുകളിൽ ദാമു കെ.പി.പി. നമ്പ്യാർ പക്ഷം നിന്നു പോരാടി. നമ്പ്യാർ വിളിച്ചപ്പോൾ കെൽട്രോണിലേക്ക് വന്ന ദാമു അദ്ദേഹം കെൽട്രോൺ വിട്ടപ്പോൾ തിരിച്ച് ടാറ്റയിലേക്ക് തന്നെ പോയി.

1988 കാലത്താണ് ദാമു ടാറ്റയിലേക്ക് തന്റെ പ്രവർത്തന മണ്ഡലം പൂർണമായി മാറ്റിയത്. കണ്ണൻ ദേവൻ കമ്പനിയുടെ പബ്ലിക് റിലേഷൻസ് മാനേജരായി ചേർന്ന ദാമു തന്റെ കർമോർജം നാനാവഴികളിൽ വിനിയോഗിച്ചപ്പോൾ കേരള ടൂറിസവുമായി ചേർന്ന് കേരളത്തിൽ താജ് ഹോട്ടലുകൾ സ്ഥാപിതമാകുന്നതുൾപ്പെടെയുള്ള വഴികളിൽ അത് വളർന്നു. സർഗ പ്രവർത്തനത്തിലും ദാമു തന്റെ കൈമുദ്രകൾ പതിപ്പിച്ചു. മലയാളത്തിൽ നാലും ഇംഗഌഷിൽ രണ്ടും ഉൾപ്പെടെ ആറ് പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ മൂന്നാർ രേഖകൾ എന്ന പുസ്തകം കണ്ണൻ ദേവൻ മലകളുടെ ചരിത്രം പറയുന്നു. വി. എസ്. അച്യുതാനന്ദൻ കത്തി നിൽക്കുന്ന നാളുകളിൽ ടാറ്റാ പക്ഷം നിന്ന് വാദിക്കുന്ന ദാമുവിനെ ജനങ്ങൾക്ക് ഓർമയുണ്ടാകും. അന്നത് കേട്ടവരൊക്കെ കരുതിയിരിക്കുക വി.എസിന്റെ വിരുദ്ധ പക്ഷത്തെ ഏതോ ആദർശത്തിന്റെ പ്രതിനിധിയായിരിക്കും അദ്ദേഹമെന്നാണ്. അച്യുതാനന്ദന്റെ പാർട്ടിയോട് തന്നെയായിരുന്നു ദാമുവിനും ആത്മ ബന്ധം. ആ ബന്ധം മുറിഞ്ഞുപോയതായി അറിവൊന്നുമില്ല. മലയാള പത്ര പ്രവർത്തനത്തിൽ ദാമു മുഖം കാണിച്ചത് തിരുവനന്തപുരത്ത് ആഘോഷപൂർവം തുടങ്ങിയ ''ഈനാട് '' പത്രത്തിലായിരുന്നു. പ്രൊഫ. ജഗന്നാഥ പണിക്കർ സാരഥ്യം വഹിച്ച ആ പത്രം ഒരുപാട് പുതുമകൾ സൃഷ്ടിച്ചിരുന്നു. ഓർമയിലുള്ള കാര്യം മുഖപ്രസംഗം ഒന്നിലധികം ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചതാണ്. 'ദ ഡെയിലി'യായിരുന്നു അദ്ദേഹം പ്രവർത്തിച്ച ഇംഗഌഷ് പത്രം. ഭാര്യ ദേവികാ റാണിയുടെ മരണ ശേഷം തിരുവനന്തപുരത്ത് പാൽകുളങ്ങരയിലെ വീട്ടിലായിരുന്നു വിശ്രമ ജീവിതം.


 

Latest News