തിരുവനന്തപുരം- ലഹരിയില്‍ സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ഒരു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. കല്ലുവെട്ടാന്‍ കുഴി പ്ലാങ്കാലവിള വീട്ടില്‍ സിദ്ദിഖിന്റെ (20) കൊലപാതകത്തിലാണ് മാതാവ് നാദിറയെ (43) അറസ്റ്റു ചെയ്തത്.
പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. 2020 സെപ്റ്റംബര്‍ 14നാണ് സിദ്ദിഖിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ നീക്കം നടക്കുന്നതായി പോലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സംസ്‌ക്കാരം നടത്താന്‍ തയ്യാറെടുക്കുന്നതിനിടെ പോലീസ് എത്തി കോവിഡ് പരിശോധനയ്ക്കാണെന്ന പേരില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ തെളിഞ്ഞു. കൊലപാതകം സ്ഥിരീകരിച്ചതോടെ മാസങ്ങളായി പോലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു.
മകന്റെ മൃഗീയ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ സംഭവിച്ച അപകടമെന്നാണ് നാദിറ പോലീസിനോട് പറഞ്ഞത്. മകളെ കടന്നു പിടിക്കാന്‍ ശ്രമിച്ച സിദ്ദിഖിന്റെ കഴുത്തില്‍ പിടിച്ച മാതാവ് തള്ളി താഴേക്ക് ഇടുകയായിരുന്നു. പിടിവലിക്കിടെ നാദിറയുടെ ഷാള്‍ മകന്റെ കഴുത്തില്‍ വീണു കിടന്നിരുന്നു. ഇതാണ് തൂങ്ങിമരണമെന്ന് പറയാന്‍ കാരണം.