Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്ത  1707 അധ്യാപകര്‍- മന്ത്രി  വി ശിവന്‍കുട്ടി

തിരുവനന്തപുരം- സംസ്ഥാനത്ത്  കോവിഡ് വാക്‌സിന്‍ എടുക്കാത്ത 1707 അധ്യാപകരുണ്ടെന്ന് സര്‍ക്കാര്‍. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇതുവരെ വാക്‌സിന്‍ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ടത്. ഇതുവരെയും വാക്‌സിന്‍ എടുക്കാത്തവരില്‍ 1066 പേര്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. 189  അനധ്യാപകരും വാക്‌സിന്‍ എടുത്തിട്ടില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാകസിനെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഎച്ച് എസ് ഇയില്‍ 229 അധ്യാപകര്‍ വാക്‌സീനെടുത്തിട്ടില്ല. എന്നാല്‍ എല്ലാ അനധ്യാപകരും വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു.  വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 201 പേര്‍. രണ്ടാമത് കോഴിക്കോടാണ്. 151 പേരാണ് കോഴിക്കോട് ഇനിയും വാക്‌സിന്‍ എടുത്ത അധ്യാപക അനധ്യാപകരായിട്ടുള്ളവര്‍. തിരുവനന്തപുരത്ത് 87 അധ്യാപകരും 23 അനധ്യാപകരും അടക്കം 110 പേര്‍ വാക്‌സിന്‍ എടുത്തിട്ടില്ല. കൊല്ലത്ത് 90 പേരും പത്തനംതിട്ടയില്‍ 51 പേരും ആലപ്പുഴയില്‍ 89 പേരും വാക്‌സിന്‍ എടുത്തിട്ടില്ല. കോട്ടയം 74, ഇടുക്കി 43, എറണാകുളം 106, തൃശൂര്‍ 124, പാലക്കാട് 61. വയനാട് 29, കണ്ണൂര്‍ 90, കാസര്‍കോട് 36 എന്നിങ്ങനെയാണ് വാക്‌സിന്‍ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്കുകള്‍.
മുഴുവന്‍ അധ്യാപകരും അനധ്യാപകരും വാക്‌സിന്‍ എടുക്കണമെന്നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. പ്ലസ്ടു തലംവരെ 47 ലക്ഷം വിദ്യാര്‍ഥികളുണ്ട് . കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്‌സിനേഷന് പ്രാധാന്യം നല്‍കുന്നത് അതിനാലാണെന്നും  മന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍ട്ടിപിസിആര്‍ റിസള്‍ട്ട് നല്‍കണം. ഒട്ടും സഹകരിക്കാത്ത അധ്യാപകര്‍ക്ക് ലീവ് എടുക്കാന്‍ അവസരമുണ്ട്. ശമ്പളമില്ലാത്ത അവധി ഇവര്‍ക്ക് അനുവദിക്കും. അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതല്‍ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. അണ്‍ എയിഡഡ് മേഖലയിലെ കണക്കുകള്‍ എടുക്കുന്നതായും മന്ത്രി അറിയിച്ചു.വാക്‌സിനേഷന്‍ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുടെ ലിസ്റ്റാണ് ആദ്യഘട്ടത്തില്‍ കിട്ടിയതെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതോടെ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായി. വാകസിനെടുക്കാതെ സ്‌കൂളില്‍ വരരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിരുന്നു. അത് അധ്യാപക, അനധ്യാപകര്‍ അംഗീകരിച്ചു. കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറായി. ഇതോടെയാണ് വാക്‌സിന്‍ എടുക്കാത്തവരുടെ എണ്ണം 1707 ആയി കുറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
 

Latest News