'നിരാശിതരായ ആര്‍എസ്എസ് കേരളത്തില്‍ കുളം കലക്കാനുളള  നീക്കത്തില്‍', തലശ്ശേരിയും തിരുവല്ലയും  സൂചന'

തലശേരി - കേരളത്തില്‍ രാഷ്ട്രീയമായി വിജയിക്കാനാകില്ലെന്ന് കണ്ടപ്പോള്‍ ആര്‍എസ്എസ് കുളം കലക്കാനുളള നീക്കത്തിലാണെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ബിജെപി നടത്തിയ റാലിയില്‍ മുസ്‌ലിം  സമുദായത്തിന് നേരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. പിന്നാലെ തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുവെങ്കിലും അത് ലംഘിച്ചും ബിജെപി പ്രകടനം നടത്തി.. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ സിപിഎം നേതാവ് സന്ദീപിനെ കൊലപ്പെടുത്തിയതിന് പിന്നിലും ആര്‍എസ്എസ് ആണെന്നാണ് ആരോപിക്കപ്പെടുന്നത്. കേസില്‍ പിടിയിലായ പ്രതികളിലൊരാള്‍ക്ക് ബിജെപി ബന്ധമുളളതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ വര്‍ഗ്ഗീയ ലഹളകള്‍ സൃഷ്ടിക്കാനുളള നീക്കമാണ് ആര്‍എസ്എസ് ആരംഭിച്ചിരിക്കുന്നത് എന്ന് അശോകന്‍ ചരുവില്‍ ആരോപിച്ചു. തലശ്ശേരിയിലെ ഭീഷണിയും  സിപിഎം നേതാവിന്റെ കൊലപാതവും സൂചിപ്പിക്കുന്നത് ആര്‍എസ്എസ് കുളം കലക്കാനുളള പുറപ്പാടിലാണെന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.  കേരളത്തില്‍ മുന്‍കൈ നേടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ആര്‍.എസ്.എസ്. കുളം കലക്കാനുള്ള പുറപ്പാടിലാണ്. 'പ്രാര്‍ത്ഥിക്കാന്‍ പള്ളിയുണ്ടാവില്ല' എന്ന് തലശ്ശേരിയില്‍ മുസ്‌ലിം  വിശ്വാസികള്‍ക്ക് നേരെ നടത്തിയ ഭീഷണിയും, തിരുവല്ലയില്‍ സി.പി.ഐ.എം യുവനേതാവിനെ അരുംകൊല ചെയ്തതും സൂചിപ്പിക്കുന്നത് ഈ സംഗതിയാണ്. ഈ നീക്കത്തിന് കേരളം വഴങ്ങരുത്. ഏറെ കാലമായി ആര്‍.എസ്.എസും അതിന്റെ രാഷ്ട്രീയരൂപങ്ങളും (ജനസംഘം, ബി.ജെ.പി.) കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. ഇന്ത്യയില്‍ തന്നെ ആര്‍.എസ്.എസിന് ഏറ്റവുമധികം ശാഖകളുള്ളത് കേരളത്തിലാണെന്ന് കാല്‍ നൂറ്റാണ്ടു മുന്‍പു തന്നെ കേട്ടിരുന്നു. തൊട്ടുകൂടായ്മക്കെതിരെ നടന്ന സമരങ്ങളും ഭൂപരിഷ്‌ക്കരണവും നാടുവാഴിത്ത സാമൂഹ്യഘടനയില്‍ ഏല്‍പ്പിച്ച ആഘാതത്തിന്റെ ഉല്‍പ്പന്നമാണ് ഇവിടത്തെ ആര്‍.എസ്.എസ്. ഫ്യൂഡല്‍ പ്രഭുക്കളും അതിസമ്പന്നരും എന്നും അതിന്റെ പിന്തുണയാണ്. മതത്തെ ഉപകരണമാക്കുന്നു എന്ന സൗകര്യവുമുണ്ട്. പക്ഷേ ഇത്രകണ്ട് സൗകര്യങ്ങള്‍ ഉണ്ടായിട്ടും കഠിനമായി പരിശ്രമിച്ചിട്ടും കേരളത്തിന്റെ ഹൃദയത്തില്‍ ഇടം നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല-അദ്ദേഹം വിലയിരുത്തി 

Latest News