ഒമിക്രോണ്‍ പടര്‍ന്നുപടിക്കുമെങ്കിലും പരിഭ്രാന്തി ആവശ്യമില്ല

ന്യൂദല്‍ഹി- കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ കുറിച്ച് അനാവശ്യ ഭീതി ആവശ്യമില്ലെന്നും ഇതിനായി വാക്‌സിനില്‍ മാറ്റം വരുത്തണോ എന്ന കാര്യം പറയാറായിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍.

ഒമിക്രോണ്‍ മറ്റു വകഭേദങ്ങള്‍ക്കുമേല്‍ മേധാവിത്തം പുലര്‍ത്തുമോ എന്ന കാര്യം പ്രവചിക്കാനാവില്ലെന്നും അവര്‍ റോയിട്ടേഴ്‌സ് നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രക്കയിലെ ഏഴ് പ്രവിശ്യകളില്‍ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ പുതിയ വകഭേദം ഇതിനകം സ്ഥിരീകരിച്ചു. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജാഗ്രതയാണ് അനിവാര്യമെന്നും ഒരു വര്‍ഷം മുമ്പ് നമ്മുടെ സ്ഥിതി ഇതില്‍ ഭിന്നമായിരുന്നുവെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

കോവിഡിന്റെ ഡെല്‍റ്റ വകഭേദം ലോകത്ത് 99 ശതമാനം പടര്‍ന്നിരുന്നു. ഈ വകഭേദവും കൂടുതല്‍ പടരാനും ലോകം മുഴുവന്‍ വ്യാപിക്കാനും സാധ്യതയുണ്ടെങ്കിലും അതു പ്രവചിക്കാനാവില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News