Sorry, you need to enable JavaScript to visit this website.
Friday , January   28, 2022
Friday , January   28, 2022

സ്വാതന്ത്ര്യത്തിന്റെ മരണം

മുനവ്വർ ഫാറൂഖിയേയും അതുപോലുളള അഭിനവ ചാക്യാന്മാരേയും നാടുകടത്തുക തന്നെയാണ് ജനാധിപത്യത്തിലെ രാജാക്കൻമാരുടേയും ലക്ഷ്യം. ഭരണഘടന നൽകുന്ന ആശയ പ്രചാരണ സ്വാതന്ത്ര്യമെന്ന അവകാശം നിഷേധിക്കപ്പെടുമ്പോൾ ഞാൻ നിർത്തുകയാണ് എന്ന് പറഞ്ഞ് കളംവിടാതെ വയ്യ. എഴുത്തുകാരന്റെ മരണം പ്രഖ്യാപിച്ച പെരുമാൾ മുരുകനെപ്പോലെ, ഞാനാണോ പുതിയ വൈറസ് വകഭേദമെന്ന ചിരിയിൽ പൊതിഞ്ഞ ആത്മരോഷം പ്രകടിപ്പിച്ച കുനാൽ കമ്‌റയെപ്പോലെ എത്രയോ കലാകാരന്മാർ. 

 

സ്വയം മരണം പ്രഖ്യാപിച്ച എഴുത്തുകാരന്റെ നാടാണ് നമ്മുടേത്. പെരുമാൾ മുരുകനെക്കുറിച്ചാണ് പറയുന്നത്. പക്ഷേ അദ്ദേഹം ഭാഗ്യവാനാണ്, പെരുമാളിലെ എഴുത്തുകാരനെ ഉയിർത്തെഴുന്നേൽപിക്കാൻ സർവശക്തിയും പ്രയോഗിച്ചു മദ്രാസ് ഹൈക്കോടതി. മത അസഹിഷ്ണുതക്കെതിരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിഹനിക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെയും കോടതി മൂർച്ചയുള്ള വാക്കുകൾ പ്രയോഗിച്ചു. അങ്ങനെ പെരുമാൾ വീണ്ടും എഴുത്തുകാരനായി. മതയാഥാസ്ഥിതിക വിഭാഗങ്ങളാൽ നിശ്ശബ്ദനാക്കപ്പെട്ടപ്പോൾ എഴുത്തുകാരന്റെ മരണം പ്രഖ്യാപിക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. ജനാധിപത്യ സംവിധാനത്തിൽ അവിടെയുമിവിടെയുമായി ഇപ്പോഴും കെട്ടുപോകാതെ നിൽക്കുന്ന മെഴുകുതിരി വെളിച്ചങ്ങൾ പെരുമാളിന്റെ തൂലികയിലേക്ക് പ്രകാശം വിതറി.

മുനവ്വർ ഫാറൂഖിയുടെ കാര്യത്തിൽ അങ്ങനെയല്ല. നാട്ടിലെ സമാധാനത്തിന്റെ ഉത്തരവാദികൾ നിശ്ശബ്ദനാകാൻ അദ്ദേഹത്തോട് പറഞ്ഞു. ഇനി താങ്കൾ തമാശ പറയേണ്ടതില്ല. അത് രസമല്ല, അലോസരമാണ് ഉണ്ടാക്കുന്നത് എന്ന് അവർ മുരണ്ടു. നിരവധി സ്ഥലങ്ങളിലായി ഇങ്ങനെ പരിപാടികൾ തടസ്സപ്പെട്ടപ്പോൾ സ്റ്റാൻഡപ് കൊമേഡിയനായ ഫാറൂഖി വിടവാങ്ങൽ പ്രഖ്യാപിച്ചു. മതിയായി, ഇനി വിടവാങ്ങുന്നു എന്ന് സന്ദേശവുമിട്ട് അദ്ദേഹം തിരശ്ശീലക്ക് പിന്നിലേക്ക് നീങ്ങി. വേദിയിൽ വെളിച്ചം കെട്ടപ്പോൾ, കൂട്ടിന് ആരേയും കണ്ടില്ല ഫാറൂഖിക്കൊപ്പം. മദ്രാസ് ഹൈക്കോടതി നടത്തിയതു പോലെ ഇടപെടാൻ സ്ഥാപനങ്ങളോ സംവിധാനങ്ങളോ ഇല്ല. ചെറിയ ചില ശബ്ദങ്ങൾ അവിടെയും ഇവിടെയുമായി ഉയർന്നെങ്കിലും അധികാര കേന്ദ്രങ്ങളെ പിടിച്ചുലയ്ക്കാൻ അത് പര്യാപ്തമായിരുന്നില്ല.

മതിയായി എന്ന് പറയാൻ ഫാറൂഖിക്ക് മതിയായ കാരണമുണ്ട്. ഇൻഡോർ ജയിലിലെ മരവിച്ച തണുപ്പിൽ 37 ദിവസമാണ് അദ്ദേഹം കിടന്നത്, സുപ്രീം കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലെ വിധി കാത്ത്. നടക്കാത്ത ഒരു പരിപാടിയിലെ ഇല്ലാത്ത വാക്കുകളുടെ പേരിലായിരുന്നു ഈ ജയിൽ വാസം. ഫാറൂഖിയുടെ സ്റ്റാൻഡപ് കോമഡി പരിപാടി സംഘടിപ്പിച്ചവരും അതിന്റെ ടിക്കറ്റ് വിൽപന നടത്തിയവരും കേസിൽപെട്ടു, ജയിലിലായി. ബംഗളൂരുവിൽ വീണ്ടും പരിപാടി അവതരിപ്പിക്കുമ്പോൾ പോലീസ് ഭയപ്പെട്ടതും ഇതാണ്. അതിനാൽ അദ്ദേഹത്തെ അവർ തടഞ്ഞു. ഇതേ കാരണത്താൽ റായ്പൂരിലും മുംബൈയിലും സൂറത്തിലും അഹമ്മദാബാദിലും ഫാറൂഖിയുടെ പരിപാടികൾ തടസ്സപ്പെട്ടിരുന്നു. രാജ്യത്ത് നിലനിൽക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റേയും അഭിപ്രായം പറയാനുള്ള അവകാശത്തിന്റേയും യഥാർഥ അവസ്ഥയെക്കുറിച്ചുള്ള റണ്ണിംഗ് കമന്ററി പോലെയാണ് ഫാറൂഖിക്കെതിരായ തുടർച്ചയായ ഈ വേട്ടയാടൽ അനുഭവപ്പെട്ടത്.

അഭിനവ ചാക്യാൻമാരാണ് സ്റ്റാൻഡപ് കൊമേഡിയൻമാർ. സാമൂഹിക വിമർശനത്തിന്റെ പരിഹാസ മുനകളാണ് അവരുടെ വാക്കുകളിൽ രസകരമായി അവതരിപ്പിക്കപ്പെടുന്നത്. കേരളത്തിന്റെ തനതുകലയായ ചാക്യാർകൂത്ത് ക്ഷേത്രവേദികളിൽ നിർവഹിച്ചിരുന്ന പങ്ക് തന്നെയാണ് അവർ ആധുനിക സമൂഹത്തിലും നിർവഹിക്കുന്നത്. പരിഹാസത്തിന്റെ ശരമുനകൾ കൂർത്തു കയറുന്നത് ഭരണാധികാരികളിലേക്ക് മാത്രമല്ല, സാധാരണ ജനങ്ങളിലേക്ക് കൂടിയാണ്. തിരുത്തേണ്ടതിനെ തിരുത്താനും ചൂണ്ടിക്കാട്ടേണ്ടത് കാട്ടാനും വിമർശിക്കേണ്ടതിനെ വിമർശിക്കാനും ചാക്യാൻമാർക്ക് അവകാശമുണ്ടായിരുന്നു. വിശുദ്ധമായ ക്ഷേത്രവേദികൾ ഒന്നിനേയും ഭയക്കാതെ വാക്ശരങ്ങൾ പ്രയോഗിക്കാൻ അവർക്ക് അവസരം നൽകി. പുതിയ കാലത്തെ രാജാക്കൻമാർ പക്ഷേ, ചാക്യാർമാരെ ഭയപ്പെടുന്നു. അവരുടെ വാക്കുകൾ ഏൽപിക്കുന്ന പരിക്കുകളും ജനത്തിന്റെ പരിഹാസച്ചിരിയും നേരിടാനുള്ള ആദർശപരമോ പ്രത്യയശാസ്ത്രപരമോ ആയ കരുത്ത് അവർക്കില്ല. വെറും വാക്കുകളിലും നുണകളിലും വർഗീയ, വിദ്വേഷ പ്രചാരണങ്ങളിലും കെട്ടിയുയർത്തിയ സൗധങ്ങൾ തകർന്നുവീഴാൻ ചെറിയൊരു കുലുക്കം മതിയെന്ന് അവർക്കറിയാം. അതിനാൽ എല്ലാത്തരം വിമർശനങ്ങളേയും അവർ ഭയക്കുന്നു.

കുലീനരും വാഗ്വിലാസത്താൽ അനുഗൃഹീതരുമാകയാൽ ശ്ലാഘ്യരാണെന്നും 'ശ്ലാഘ്യർ' എന്ന പദമാണ് ചാക്യാർ' ആയതെന്നുമൊക്കെയാണ് കഥ. കൂത്ത് എന്നാണ് പേരെങ്കിലും ചാക്യാർ കൂത്തിൽ നൃത്തത്തിന്റെ അംശം വളരെ കുറവാണ്. വേഷവും മുഖഭാവങ്ങളും മറ്റു ശരീര ഭാഷകളും ആണ് ചാക്യാർകൂത്തിലെ ആശയസംവേദനത്തിൽ വലിയ പങ്കുവഹിക്കുന്നത്. കലാകാരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാർത്ഥന ചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനു ശേഷം സംസ്‌കൃതത്തിൽ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി വിശദീകരിക്കുന്നു. തുടർന്നുള്ള അവതരണം പല സമീപകാല സംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെ കളിയാക്കിയും ചാക്യാർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാം. ഈ കളിയാക്കലുകൾക്കെതിരെ സദസ്സിൽനിന്ന് ഒരുവിധ പ്രതിഷേധങ്ങളും ഉണ്ടായിക്കൂടാ എന്ന അലിഖിത നിയമവും നിലവിലുണ്ടായിരുന്നു. ഇങ്ങനെ കളിയാക്കുന്നതിനിടെ അധികാര സ്ഥാനങ്ങളെയും ചാക്യാന്മാർ വിമർശിക്കുക പതിവായിരുന്നു. ഇങ്ങനെ വിമർശിച്ച ചില കലാകാരന്മാർക്ക് നാടു വിട്ടോടേണ്ടിവന്നുവെന്നും ചരിത്രമുണ്ട്.

മുനവ്വർ ഫാറൂഖിയേയും അതുപോലുളള അഭിനവ ചാക്യാന്മാരേയും നാടുകടത്തുക തന്നെയാണ് ജനാധിപത്യത്തിലെ രാജാക്കൻമാരുടേയും ലക്ഷ്യം. ഭരണഘടന നൽകുന്ന ആശയപ്രചാരണ സ്വാതന്ത്ര്യമെന്ന അവകാശം നിഷേധിക്കപ്പെടുമ്പോൾ ഞാൻ നിർത്തുകയാണ് എന്ന് പറഞ്ഞ് കളം വിടാതെ വയ്യ. ഇത് ഫാറൂഖിയുടെ മാത്രം കഥയല്ല. ഫാറൂഖിക്ക് പിന്നാലെ മറ്റൊരു ചാക്യാർ കുനാൽ കമ്‌റയും ബംഗളൂരുവിൽ നടത്താനിരുന്ന എല്ലാ ഷോകളും റദ്ദാക്കിയിരിക്കുകയാണ്. എന്നെ വൈറസിന്റെ പുതിയ വകഭേദമായി കാണാൻ തുടങ്ങിയിരിക്കുന്നു എന്ന് തോന്നുന്നു -കമ്‌റ ട്വിറ്ററിൽ കുറിച്ചു. തനിക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. രണ്ടു മാസത്തിനിടെ ഫാറൂഖിയുടെ 12 ഷോകളാണ് ബംഗളൂരുവിൽ മുടങ്ങിയത്. കോവിഡ് പ്രോട്ടോകോളിന്റെ പേര് പറഞ്ഞാണ് കുനാൽ കമ്‌റയുടെ പരിപാടികൾക്ക് അധികൃതർ അനുമതി നിഷേധിച്ചത്. നൂറുകണക്കിന് ആളുകൾക്ക് ഇരിക്കാൻ പറ്റുന്ന വലിയ ഹാളിൽ 45 പേർക്കുള്ള അനുമതി കൂടി അവർ നൽകിയില്ല. ഫാറൂഖിയെ പിന്തുടരാതിരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.

സമാനമായ നിരവധി സംഭവങ്ങളുണ്ടായിട്ടും രാജ്യം കുറ്റകരമായ മൗനം പാലിക്കുന്നതിൽ അത്ഭുതമില്ല. നിശ്ശബ്ദത ഒരു ആഭരണമായി നമ്മുടെ കഴുത്തിൽ തൂങ്ങാൻ തുടങ്ങിയിരിക്കുന്നു. മൗലികാവകാശങ്ങൾ ഹനിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരെ വിലങ്ങണിയിക്കുകയല്ല, കലാകാരൻമാരോടും എഴുത്തുകാരോടും പ്രസംഗകരോടും നിശ്ശബ്ദരാകാനാണ് പോലീസ് ആവശ്യപ്പെടുന്നത്. എന്തൊരു വൈചിത്ര്യം. ഇത്തരം സംഭവങ്ങൾ കോടതി കയറുമ്പോൾ, രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റങ്ങളെ കോടതി അപലപിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അതൊന്നും കുറ്റകൃത്യം ആവർത്തിക്കാതിരിക്കാൻ സഹായകമാകുന്നില്ല. പ്രതിഷേധത്തിനും പ്രകടനങ്ങൾക്കും വഴങ്ങി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ പ്രവർത്തിക്കുന്നത് നിയമവാഴ്ചയുടെ തകർച്ചയും ബ്ലാക്‌മെയിലിംഗ് രാഷ്ട്രീയത്തിന് കീഴ്‌പെടലുമാണെന്ന് 1989 ൽ രംഗരാജൻ-ജഗ്ജീവൻ റാം കേസിൽ സുപ്രീം കോടതി ഓർമിപ്പിച്ചതാണ്. വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഈ കോടതി വിധി ഉദ്ധരിക്കേണ്ടി വരുന്നത് പരിഷ്‌കൃത ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല.

Latest News