ഒമിക്രോണ്‍: സൗദി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു, വിശദാംശങ്ങള്‍

ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാന്‍ ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക കമ്മിറ്റി യോഗം.

റിയാദ് - കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക കമ്മിറ്റി വിശകലനം ചെയ്തു. സൗദിയില്‍ കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ചുമതലയുള്ള കമ്മിറ്റിയാണ് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. കമ്മിറ്റിയില്‍ 25 സര്‍ക്കാര്‍ വകുപ്പുകള്‍ അംഗങ്ങളാണ്.

കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും കൊറോണ വ്യാപനം ചെറുക്കാന്‍ സൗദി വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങളും, മുന്‍കരുതല്‍ നടപടികളും പ്രോട്ടോകോളുകളും ബാധകമാക്കുന്നതും കമ്മിറ്റി വിശകലനം ചെയ്തു.

ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും വിലയിരുത്തലുകളും അന്വേഷണ, ജനിതകശ്രേണി പരിശോധനാ നടപടികളും യോഗം അവലോകനം ചെയ്തു. പകര്‍ച്ചവ്യാധി സ്ഥിതിഗതികളുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ വകുപ്പുകളും മുഴുവന്‍ ശ്രമങ്ങളും ഊര്‍ജിതമാക്കണമെന്നും അംഗീകൃത പ്രതിരോധ നടപടികള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ മേല്‍നോട്ടം വഹിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സമൂഹത്തിലെ എല്ലാവരും വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുകയും മുന്‍കരുതല്‍, പ്രതിരോധ നടപടികളും പ്രോട്ടോകോളുകളും പാലിക്കുകയും വേണം. വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ ക്വാറന്റൈനുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കണം. എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തി ഇവര്‍ നിശ്ചിത സമയത്ത് പി.സി.ആര്‍ പരിശോധനകള്‍ നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
 
ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 38 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 24 കൊറോണ ബാധിതര്‍ രോഗമുക്തി നേടുകയും ഒരു കൊറോണ രോഗി മരണപ്പെടുകയും ചെയ്തു. 41 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

 

 

Latest News