ആളുകള്‍ നോക്കിനില്‍ക്കെ എസ്.ഐക്ക് തല്ല്, നാലു പേര്‍ അറസ്റ്റില്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ ആളുകള്‍ നോക്കിനില്‍ക്കെ, പോലീസുകാരനെ തല്ലിയ സംഭവത്തില്‍
നാലു പേര്‍ അറസ്റ്റില്‍. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് തല്ലിയ ആളടക്കം നാലു പേരെ അറസ്റ്റ് ചെയ്തത്.

ആശിഷ് ശുക്ല, പ്രിയങ്ക് മാത്തൂര്‍, പ്രവേന്ദ്രകുമാര്‍, പ്രഞ്ജുല്‍ മാത്തൂര്‍ എന്നിവരാണ് അറസ്റ്റിലായത്. പിലിബിത് കോട്‌വാലിയില്‍ സേവനമനുഷ്ഠിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള വിനോദ് കുമാറിനെയാണ് പരസ്യമായി തല്ലിയത്.  
ന്യൂനപക്ഷ കമ്മീഷന്‍ ഓഫീസില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവമെന്ന് പോലീസ് ഉദ്യോഗഗസ്ഥന്‍ പറഞ്ഞു. നിരാലനഗറില്‍ എത്തിയപ്പോള്‍  ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ പോലീസ് വാഹനം വെട്ടിച്ചപ്പോള്‍  ഹോട്ടലിന് മുന്നില്‍ തെറ്റായി പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ഇടിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് നോര്‍ത്ത് സോണ്‍  എസിപി പ്രാചി സിംഗ് പറഞ്ഞു.

ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയ സംഘമാണ് എസ്.ഐയെ മര്‍ദിച്ചത്. വിലപിടിപ്പുള്ള സാധനങ്ങള്‍  സംഘം തട്ടിയെടുക്കുകയും ചെയ്തു.  27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ പ്രതികളിലൊരാളായ ആശിഷ് ശുക്ല പോലീസ് ഉദ്യോഗസ്ഥനെ രണ്ടുതവണ തല്ലുന്നത് കാണാം. പോലീസ് ഗിരി കാണട്ടെ എന്നു പറഞ്ഞായിരുന്നു മര്‍ദനം.  

പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും.

 

Latest News